Monday, 16 August 2021

ഡബ്ബാവാലയ്ക്കൊപ്പം ഒരു ദിവസം

 .....



മുബൈ യാത്രയിൽ ഡബ്ബാവാല എന്ന വാക്ക് കേൾക്കാത്ത യാത്രികർ ഉണ്ടാവില്ല. അല്ലെ.. എന്നാൽ എന്താണ് ഈ ഡബ്ബാവാല എന്ന് ചിന്തിച്ചിട്ടുണ്ടോ .. അവരുടെ കൂടെ ഒന്നു യാത്ര ചെയ്താലോ .. രസകരമായ ഒരു കൂട്ടായ്മയുടെ ..കഥ .. അല്ല ,1890-ൽ തുടങ്ങി വെച്ച് ഇന്നും നിലനിന്നു പോവുന്ന  ഒരു മഹാചരിത്രസത്യം 


അതിരാവിലെ ഓഫീസുകളിലേക്കും ഫാക്ടറികളിലേയ്ക്കും സ്കൂൾ കോളേജുകളിലേക്കും പോകുന്നവരുടെ വീടുകളിൽ നിന്ന് 10 മണിയോടെ ഭക്ഷണപാത്രങ്ങൾ ഇവർ ശേഖരിക്കുന്നു. 12.30 നു അവ എത്തിക്കേണ്ടിടത്ത് എത്തിക്കുന്നു. പിന്നെ ഒഴിഞ്ഞ ഡബ്ബകൾ തിരികെ വീട്ടിലെത്തിക്കുന്നു. ഒരുദിവസം ഇങ്ങനെ 2 ലക്ഷം ഉച്ചഭക്ഷണ പാത്രങ്ങൾ 5000 പേർ മുംബൈയിലെ 60 -70 കീലോമീറ്റർ സഞ്ചരിച്ച് പല സ്ഥലത്തുനിന്നും ശേഖരിച്ച് പലസ്ഥലങ്ങളിലായി വിതരണം ചെയ്യുകയും പാത്രങ്ങൾ തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്യുന്നു. പേരോ മേൽ‌വിലാസമോ ആലേഖനം ചെയ്യാത്ത പാത്രങ്ങളിൽ ഡബ്ബാവാലകൾ അവരുടെ ചില കോഡുകൾ മാത്രം കോറിയിടുന്നു. ഒരു പാത്രം ഏകദേശം മൂന്നു ഡബ്ബാവാലകൾ പലസ്ഥലങ്ങളിലായി കൈമാറുന്നു. എത്ര കൈമാറിയാലും വഴിതെറ്റാതെ ഉടമസ്ഥന്റെ അടുത്തുമാത്രമെ ഡബ്ബ എത്തുകയുള്ളു. 60,00,000 ഡബ്ബകൾ വിതരണം ചെയ്യുമ്പോൾ ഒന്ന് എന്ന നിരക്കിൽ ആണ് ഇവർക്ക് ഒരു പിഴവ് ഉണ്ടാകുന്നത്. 99.999999% വരുന്ന ഈ മികവാണ് ഡബ്ബാവാലകൾക്ക് സിക്സ് സിഗ്മ സർട്ടിഫിക്കേഷൻ നേടിക്കൊടുത്തത്. ഇന്ത്യയിൽ സിക്സ് സിഗ്മ ഇതുവരെ കിട്ടിയത് ഡബ്ബാവാലകൾക്ക് മാത്രമാണ്. ISO 9001 ഉം ഡബ്ബാവാലകൾക്ക് കിട്ടിയിട്ടുണ്ട്.


“ഡബ്ബാവാലയോടൊത്ത് ഒരു ദിവസം" എന്ന ഒരു സംവിധാനം അവർ ഒരുക്കിയിട്ടുണ്ട്. ഒറ്റയ്ക്കോ ഒരു ചെറിയ കൂട്ടമായോ മറ്റുള്ളവർക്കും അവർക്കൊപ്പം ഒരുദിവസം കൂടാം. ചെറിയ ഒരു തുക സംഭാവനയായി നൽകേണ്ടിവരും. ആവശ്യമെങ്കിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഒരു ദ്വിഭാഷിയെ അവർ തന്നെ ഏർപ്പാടാക്കി തരും. പക്ഷേ ഡബ്ബാവാലമാരുടെ വെള്ളത്തൊപ്പിയും മറ്റും ധരിച്ച് അവർക്കൊപ്പം “പറന്നു” നീങ്ങേണ്ടിവരും. ഡബ്ബാവാലയ്ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാൻ സ്വദേശികളും വിദേശികളുമായി ഒരുപാടുപേർ എത്താറുണ്ട്. ഈ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഡബ്ബാവാലകളെ അടുത്തറിയുവാൻ ശ്രമിച്ച പ്രമുഖരെക്കുറിച്ച് പലപ്പോഴും രസകരമായ വിവരണങ്ങൾ കാണാം.


 **വിർജിൻ എയർവേയ്സിൽ എത്തിയ ഡബ്ബകൾ* 


പല പ്രശസ്തവ്യക്തികളും ഇവർക്കൊപ്പം ഡബ്ബാവിതരണത്തിന്റെ രസവേഗം അറിയാൻ എത്തിയിട്ടുണ്ട്. അവരിൽ ഒരാളാണ് വിർജിൻ അറ്റ്ലാന്റിസ് കമ്പനിയുടെ തലവൻ സർ റിച്ചാർഡ് ബ്രാൻ‌സൺ. ഇംഗ്ലണ്ടിലെ ചാൾസ് രാജകുമാരന്റെ വിവാഹവാർത്തയിൽ ഡബ്ബാവാലകളെക്കുറിച്ചുള്ള പരാമർശം വായിച്ച് പ്രചോദനമുൾക്കൊണ്ടാണ് അദ്ദേഹം ഇവർക്കൊപ്പം ഒരു ദിവസം ചെലവഴിക്കാൻ എത്തിയത്. വെള്ളത്തൊപ്പി ധരിച്ച് ഇവർക്കൊപ്പം ജനറൻ കമ്പാർട്ടുമെന്റിൽ ഇരുന്ന് ദാദർ മുതൽ ചർച്ച് ഗേറ്റുവരെ അദ്ദേഹം യാത്ര ചെയ്തു. അവരിൽ നിന്ന് പലതും മനസ്സിലാക്കിയും രസകരമായി സംഭാഷണം നടത്തിയും അദ്ദേഹം സമയം ചെലവഴിച്ചു. ചർച്ച് ഗേറ്റിനടുത്തെ വിർജിൻ എയർവേയ്സിന്റെ ഓഫീസിലെ സ്റ്റാഫുകൾക്കുള്ള അന്നത്തെ ഡബ്ബകൾ റിച്ചാർഡ് ബ്രാൻ‌സൺ തന്നെ വിതരണം ചെയ്യുകയുമുണ്ടായി.


 *ചാൾസ് രാജകുമാരനും ഡബ്ബാവാലകളും* 

 

ഇന്ത്യയിലെ ഡബ്ബാവാലകളെ കുറിച്ച് കേട്ടിരുന്ന ചാൾസ് രാജകുമാരൻ 2003ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അവരിൽ ചിലരെ കണ്ടിരുന്നു. അവരുമായി 20 മിനിട്ട് അദ്ദേഹം ചിലവിട്ടു.  യാതൊരു ടെക്നോളജിയും ഇല്ലാതെ ഇത്തരത്തിൽ ഒരു വിതരണസം‌വിധാനം കുറ്റമറ്റതായി കൊണ്ടുപോകുന്ന ഡബ്ബാവാലകളെ കുറിച്ച് അദ്ദേഹം അതിശയപ്പെട്ടു. 2005 ഏപ്രിലിൽ ചാൾസിന്റെ രണ്ടാം വിവാഹത്തിൽ അതിഥികളായി ഡബ്ബാവാലകളുടെ പ്രതിനിധികളായി അവരിൽ രണ്ടുപേരെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചിരുന്നു. വധു, കാമില പാർക്കറിനു വേണ്ടി ഡബ്ബാവാലകൾ പട്ടുസാരി, കോലാപ്പുരി ചെരുപ്പ് തുടങ്ങി ഒട്ടനവധി സമ്മാനങ്ങൾ കൊടുത്തുവിട്ടിരുന്നു. പക്ഷേ നിശ്ചിതദിവസം ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ മരിച്ചതു മൂലം വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.


 *തളർന്നുപോയ ബി ബി സി.*  


ഒരിക്കൽ ഡബ്ബാവാലകളെ കുറിച്ചൊരു ഡോക്യുമെന്ററി ചിത്രീകരണം തയ്യാറാക്കാൻ ബീ ബീ സി എത്തി. പക്ഷേ ആ സംഘത്തിനു ഡബ്ബാവാലകളെ പിന്തുടർന്ന് ഒറ്റദിവസംകൊണ്ട് അവരുടെ ചിത്രം പൂർണ്ണമാക്കാനായില്ല. കാരണം പലസ്റ്റേഷനിലും അവർക്കൊപ്പം അതേ വേഗത്തിൽ നീങ്ങാൻ ബീ ബീ സി സംഘത്തിനായില്ല.


1890-ൽ മുംബൈയിലുള്ള ഒരു പാർസി ബാങ്കറായ മഹാഡു ഹവാജി ബാചെ തന്റെ പണിസ്ഥലത്തേക്ക് ഉച്ചഭക്ഷണം സ്വന്തം വീട്ടിൽ നിന്നും കൊണ്ടുവരാൻ ഒരാളെ ഏർപ്പാടാക്കി. ഈ രീതി അദ്ദേഹത്തിന്റെ പല സഹപ്രവർത്തകർക്കും ഇഷ്ടമായി. അവരും ആ വഴി പിന്തുടർന്നു. ആ ആശയമാണ് ക്രമേണ വികസിച്ച് ഇന്ന് ഇന്ത്യയിലും ഇതരരാജ്യങ്ങളിലും പേരെടുത്ത വിതരണസമ്പ്രദായം (ലോജിസ്റ്റിക് സിസ്റ്റം) ആയി മാറിയിരിക്കുന്നത്. പല ആധുനികമാനേജ്‌മെന്റ് വിദ്യാലയങ്ങളും ഇവരെ പഠനവിഷയമാക്കിയിരിക്കുന്നു.

No comments:

Post a Comment

ദിനോസറുകൾക്കും മുൻപ്

ഭൂമിയിൽ ഇന്നേ വരെ ജീവിച്ചതിൽ വെച്ചേറ്റവും വലിയ ജീവിവിഭാഗങ്ങളിൽ ഒന്നാണ് മുകളിൽ പറഞ്ഞ ദിനോസർകൂട്ടം.𝟏𝟓𝟎 മില്യൺ വർഷങ്ങൾക്ക് മുൻപ് അവർ ഇവിടം അ...