Monday 2 August 2021

അവിടെയൊരു പുരാതനമായ കാടുണ്ടായിരുന്നു!


 💙 


അന്റാര്‍ട്ടിക്കയെപ്പറ്റി ചിന്തിക്കുമ്പോൾ മനസ്സിലേക്ക് വരുക എങ്ങും മഞ്ഞ് പുതച്ചുകിടക്കുന്ന, കറുപ്പും വെളുപ്പും ഇടകലര്‍ന്ന വിചിത്രരായ പെൻഗ്വിനുകൾ തത്തി നടക്കുന്ന, മനുഷ്യർക്കും സാധാരണ മൃഗങ്ങൾക്കും പാർക്കാനാവാത്ത കൊടും ശൈത്യമേറിയ വെളുത്ത വൻകരയാണ്. എന്നാൽ ഒരുകാലത്ത് എവിടെയും പച്ച വിരിച്ച, ചതുപ്പുനിലങ്ങളും നീലത്തടാകങ്ങളും കൊണ്ട് സമ്പുഷ്ടമായ അന്റാര്‍ട്ടിക്കയെപ്പറ്റി സങ്കല്പിക്കാനാവുന്നുണ്ടോ? എന്നാൽ കേട്ടോളൂ, ജുറാസിക് യുഗത്തിന് ശേഷം ഡിനോസറുകൾ ഭൂമി അടക്കി വാണിരുന്ന അവസാന കാലഘട്ടമായ ക്രറ്റേഷ്യസ് കാലഘട്ടത്തിലെ അന്റാര്‍ട്ടിക്ക അങ്ങനെയായിരുന്നു... മഞ്ഞില്ലാത്ത, മഴക്കാടുകൾ നിറഞ്ഞ ഭൂമിക!


പശ്ചിമ അന്റാര്‍ട്ടിക്കയിൽ, ധ്രുവത്തിനും 2000 km മാറി, കടലിന്റെ അടിത്തട്ടില്‍ ഏതാണ്ട് 30 മീറ്ററോളം താഴ്ചയിൽ ചെറിയ ദ്വാരമിട്ട് ഡ്രില്ലിങ് നടത്തിയപ്പോഴാണ് ഗവേഷകര്‍ക്ക് ഇത് വ്യക്തമായത്. (അക്കാലത്ത് അന്നത്തെ ദക്ഷിണധ്രുവവും മേല്പറഞ്ഞ സ്ഥലവും തമ്മില്‍ 900 km ദൂരമേ ഉണ്ടായിരുന്നുള്ളൂ.) 2017ൽ കപ്പൽക്കോപ്പുകൾ ഉപയോഗിച്ച് കുഴൽക്കിണറിന്റേത് സമാനമായി കടലിനടിയിൽ ഒരു കുഴിയെടുത്ത് അവർ സാമ്പിള്‍ ശേഖരിച്ചു. ആദ്യം ലഭിച്ചത് 25000 വർഷത്തോളം പഴക്കമുള്ള ഉറഞ്ഞുകട്ടിയായ മഞ്ഞുതരികളുടെ അവശിഷ്ടങ്ങളായിരുന്നു. പിന്നീടുള്ള 25 മീറ്റര്‍ കുഴിച്ചപ്പോൾ കിട്ടിയത് 4.5 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ട മണൽക്കൽ തരികളും. തുടര്‍ന്ന് കടലിലൂടെ ഐസ് പാളികൾ കുത്തിയൊലിച്ച് വരുന്നതിനാൽ ഖനനം ദുർഘടമായി. അതുകൊണ്ട് ഒരു 3 മീറ്റര്‍ കൂടി കുഴിച്ചിട്ട് അവർ മടങ്ങാൻ തീരുമാനിച്ചു.


എന്നാൽ ആ 3 മീറ്ററിൽ ലഭിച്ചത് തീരെ പ്രതീക്ഷിക്കാത്ത ഒരു മണ്ണിനത്തിന്റെ സാമ്പിളായിരുന്നു. കൽക്കരിയും ചെളിയും കൂടികലർന്ന ആ മണ്ണ് ചരിത്രാതീതകാലത്തെ ഏതോ കൊടുംകാടിന്റെ അവശേഷിപ്പായിരുന്നു. കൽക്കരിയായി രൂപാന്തരപ്പെട്ട ആ കാനനാവശിഷ്ടങ്ങളിൽ പ്രാചീനകാലത്തെ വേരുകളും സസ്യബീജങ്ങളും പൂമ്പൊടിയുമൊക്കെ ഉൾപ്പെട്ടിരുന്നു.


ഏതാണ്ട് 65 തരം സസ്യങ്ങളുടെ ഫോസിലുകള്‍ ആ മണ്ണിനത്തിൽ നിന്നും അവർ വേർതിരിച്ചറിഞ്ഞു. ഇന്നത്തെ ന്യൂസിലാന്റിൽ കാണപ്പെടുന്ന മഴക്കാടുകൾക്ക് സമാനമായി കോണിഫർ മരക്കൂട്ടങ്ങളുടെയും വിവിധ തരം പന്നച്ചെടിയുടെയും അവശിഷ്ടങ്ങളായിരുന്നു പ്രധാനമായും അതിൽ.  ദക്ഷിണധ്രുവത്തിന് സമീപം, 9 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്, അതായത് ക്രറ്റേഷ്യസ് യുഗത്തിന്റെ മധ്യകാലഘട്ടത്ത്, ആ ഭൂപ്രദേശമാകെ ഇടതൂർന്ന വനങ്ങളായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളായിരുന്നു ആ ജർമൻ പര്യവേഷകർക്ക് ലഭിച്ചത്.


വർഷത്തിൽ നാല് മാസത്തേക്ക് ഒട്ടും തന്നെ സൂര്യപ്രകാശം ലഭിക്കാത്ത ദക്ഷിണധ്രുവത്തിൽ ഇങ്ങനെയൊരു മഴക്കാട് വളരണമെങ്കിൽ അവിടെ അത്രയും പ്രസന്നമായ, ഉഷ്ണമേഖലയായിരിക്കണം. അന്നത്തെ അന്റാര്‍ട്ടിക്കയുടെ ശരാശരി താപനില ഏതാണ്ട് 12-13°c വരേണ്ടിയിരുന്നു, അതായത് ഇന്നത്തെ പല വാസയോഗ്യമായ രാജ്യങ്ങളെക്കാളും ചൂട് കൂടുതൽ. കൂടാതെ ഇംഗ്ലണ്ടിലെ വെയിസിൽ ലഭിക്കുന്ന അതേ അളവിലുള്ള മഴയും അവിടെ ലഭിച്ചിരുന്നു. ക്രയോബാക്ടീരിയ പോലെയുള്ള സൂക്ഷ്മാണുക്കൾ അവശേഷിപ്പിച്ച രാസവസ്തുക്കളിൽ നിന്നും അവിടുത്തെ തടാകങ്ങളുടെയും ചതുപ്പുനിലങ്ങളുടെയും താപനില 20°c ആയിരുന്നെന്നും പരിശോധനയിൽ തെളിഞ്ഞു.


ക്രറ്റേഷ്യസ് കാലഘട്ടം ഭൂമിയിലെ തന്നെ ഏറ്റവും ചൂടേറിയ കാലഘട്ടങ്ങളില്‍ ഒന്നായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നിരുന്നാൽ പോലും കാർബൺ ഡൈ ഓക്സൈഡ് 1000 ppm നിഗമിക്കപ്പെട്ടിരുന്നത് ഈ കണ്ടെത്തലോടെ 1120 – 1680 ppm ആയി പുനർനിർണ്ണയിക്കപ്പെട്ടു.


എന്തായാലും ക്രറ്റേഷ്യസ് ഭൂതകാലത്തിലെ, ഈ മഴക്കാടിന്റെ വെളിപ്പെടൽ നമ്മുടെ ഭാവിയിലേക്കുള്ള വെളിപാട് കൂടിയാണ്. നിലവിലെ സ്ഥിതി അനുസരിച്ച് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലം അടുത്ത നൂറ്റാണ്ടിന്റെ തുടക്കത്തോടെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 9 കോടി വര്‍ഷം മുമ്പത്തെ അതേ അളവിലേക്ക് പോയാൽ ധ്രുവപ്രദേശങ്ങളിലെ ഐസ് പാളികൾ ഉരുകി അപ്രത്യക്ഷമാവുകയും അവിടെ മഴക്കാടുകൾ വീണ്ടും വളരുകയും ചെയ്യും. (ഒപ്പം അതിന് ആനുപാതികമായി മറ്റുള്ള പ്രദേശങ്ങളിലെയും ചൂട് വർദ്ധിക്കും!) അത് നല്ലതിനോ ദോഷത്തിനോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment

ദിനോസറുകൾക്കും മുൻപ്

ഭൂമിയിൽ ഇന്നേ വരെ ജീവിച്ചതിൽ വെച്ചേറ്റവും വലിയ ജീവിവിഭാഗങ്ങളിൽ ഒന്നാണ് മുകളിൽ പറഞ്ഞ ദിനോസർകൂട്ടം.𝟏𝟓𝟎 മില്യൺ വർഷങ്ങൾക്ക് മുൻപ് അവർ ഇവിടം അ...