400 കി.മീറ്റര്‍ വേഗത്തില്‍ സൗരക്കാറ്റ്, ഭൂമിയുടെ കാന്തികവലയത്തിന് കേടുപാട് സംഭവിച്ചെന്ന് റിപ്പോർട്ട്.
സൗരക്കാറ്റില്‍ ഭൂമിയുടെ കാന്തികവലയത്തിനു കേടുപാട് സംഭവിച്ചെന്ന് സ്പേസ്‌വെതർ റിപ്പോർട്ട് ചെയ്യുന്നു. ഹാനികരമായ കോസ്മിക് കിരണങ്ങളില്‍ നിന്നും റേഡിയേഷനില്‍ നിന്നും ഓസോണ്‍ പാളിയേയും ഭൂമിയിലെ ജീവനേയും സംരക്ഷിക്കുന്നതില്‍ കാന്തികമണ്ഡലത്തിന് വലിയ പങ്കുണ്ട്. സെക്കൻഡില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച സൗരക്കാറ്റാണ് ഭൂമിയുടെ കാന്തികവലയത്തിന് ഭീഷണിയായിരിക്കുന്നത്.
സൂര്യന്റെ പുറംഭാഗത്തെ പ്ലാസ്മയിലുണ്ടാവുന്ന ഊര്‍ജത്തിന്റെ ഏറ്റക്കുറച്ചിലുകളാണ് സൗരവാതത്തിന് കാരണമാകുന്നത്. സൂര്യന്റെ ഗുരുത്വാകര്‍ഷണത്തിന് പിടിച്ചു നിര്‍ത്താനാവാത്തവിധം ചൂട് വര്‍ധിക്കുന്നതോടെയാണ് സൗരക്കാറ്റിന്റെ ഉത്ഭവം. ഭൂമിയുടെ കാന്തിക മണ്ഡലത്തിനുള്ള ഭീഷണിക്ക് പുറമേ റേഡിയോ തരംഗങ്ങളെ ബാധിക്കാനും സാറ്റലൈറ്റുകളെ തകരാറിലാക്കാനും വൈദ്യുതി വിതരണ സംവിധാനങ്ങള്‍ തകരാനുമൊക്കെ ഈ സൗരക്കാറ്റിന് സാധിക്കും. ഈ സൗരകാറ്റിനെ തുടര്‍ന്ന് ഭൂമിയില്‍ പലയിടത്തും വലിയ തോതില്‍ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു.
2008ല്‍ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അമേരിക്കന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശക്തിയേറിയ സൗരക്കാറ്റ് സംഭവിച്ചാല്‍ ഒരു ട്രില്യണ്‍ ഡോളറാണ് (ഏകദേശം 74.37 ലക്ഷം കോടി രൂപ) നഷ്ടം കണക്കാക്കുന്നത്. വൈദ്യുതി വിതരണ ശൃംഖലയെ മാത്രമല്ല എണ്ണ, പ്രകൃതിവാതക പൈപ്പ്‌ലൈനുകളേയും സമുദ്രത്തിനടിയിലൂടെയുള്ള വാര്‍ത്താവിനിമയ കേബിളുകളേയും ടെലഫോണ്‍ ശൃംഖലകളേയും റെയില്‍വേയുമെല്ലാം ബാധിക്കുമെന്നും ഈ റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു. തന്ത്രപ്രധാന അടിസ്ഥാന സൗകര്യ മേഖലകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങളുമെടുത്തേക്കുമെന്ന് വരെ ഈ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ടായിരുന്നു.
11 വര്‍ഷങ്ങളുടെ ഇടവേളയിലാണ് സൗരക്കാറ്റുകള്‍ സംഭവിക്കാറെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് വെച്ച് നോക്കിയാല്‍ അടുത്ത സൗരക്കാറ്റ് ഈവര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ സംഭവിക്കും. എല്ലാ പതിനൊന്നു വര്‍ഷത്തിലും സൗരക്കാറ്റ് അപകടകരമാം വിധം ശക്തിപ്രാപിക്കാറുമില്ല. 1989 മാര്‍ച്ചിലാണ് ഇതിന് മുൻപ് വിനാശകാരിയായ സൗരക്കാറ്റ് സംഭവിച്ചത്. കാനഡയിലെ ക്യുബെക് പ്രവിശ്യയിലെ വൈദ്യുതി ഒൻപത് മണിക്കൂറാണ് തടസപ്പെടുത്തിയത്. ഇത്രയും സമയം 60 ലക്ഷത്തോളം ജനങ്ങളാണ് ഇരുട്ടിലായിപ്പോയത്.
സൂര്യനില്‍ നിന്നും പുറപ്പെട്ട് ദിവസങ്ങളെടുത്താണ് ഈ സൗരക്കാറ്റുകള്‍ ഭൂമിയിലെത്താറ്. ജൂലൈ 25ന് ഈ സൗരക്കാറ്റ് സൂര്യനില്‍ നിന്നും പുറപ്പെട്ട വിവരം നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയാണ് ആദ്യം കണ്ടെത്തുന്നത്. സൂര്യനില്‍ നിന്നുള്ള സൗരക്കാറ്റ് ധ്രുവപ്രദേശങ്ങളില്‍ ധ്രുവദീപ്തിക്കും കാരണമാവാറുണ്ട്. സൗരക്കാറ്റിലെ ചാര്‍ജുള്ള കണങ്ങള്‍ ഭൂമിയുടെ കാന്തികവലയത്താല്‍ ആകര്‍ഷിക്കപ്പെടുന്നു. ഈ കണങ്ങള്‍ അന്തരീക്ഷത്തിലെ വാതകതന്മാത്രകളുമായി കൂട്ടിയിടിക്കുമ്പോഴാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്.
No comments:
Post a Comment