എന്താണ് ഹാം റേഡിയോ .....
പലതരത്തിലുള്ള ഹോബികളെപ്പറ്റി കേട്ടിട്ടുണ്ടാകും. എന്നാൽ ലോകം മുഴുവൻ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഹോബിയുണ്ട്; സാധാരണ റേഡിയോയിലൂടെ നമുക്ക് കേൾക്കാൻ മാത്രമല്ലേ കഴിയൂ? എന്നാൽ ഹാം റേഡിയോയിലൂടെ കേൾക്കാനും സംസാരിക്കാനും സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാം റേഡിയോ ഓപ്പറേറ്റർമാരോട് നിങ്ങളുടെ വീട്ടിലിരുന്നു സംസാരിക്കുന്നതിനെക്കുറിച്ച് ഒന്ന് സങ്കല്പിച്ചു നോക്കൂ. വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ എന്നു പറയുന്നത്. രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു. ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവർ ഹാം എന്നറിയപ്പെടുന്നു. ലോകവ്യാപകമായി അൻപത് ലക്ഷത്തിലധികം ആളുകൾ ഹാം റേഡിയോ പതിവായി ഉപയോഗിക്കുന്നുവെന്ന് കണക്കാക്കുന്നു. ഇവരിൽ ആരോട് വേണമെങ്കിലും സൗജന്യമായി സംസാരിക്കാൻ ഹാം റേഡിയോ ഉപയോഗിക്കാം. മതപരമായകാര്യങ്ങൾ, ബിസിനസ് പ്രൊമോഷൻ, രാഷ്ട്രീയം, മ്യൂസിക് ബ്രോഡ്കാസ്‌റ് തുടങ്ങിയവ ഒഴികെ പ്രപഞ്ചത്തിലെ എന്തിനെക്കുറിച്ചും ഹാം റേഡിയോയിലൂടെ ചർച്ച ചെയ്യാം. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുമ്പോൾ വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാർത്താവിനിമയ ഉപാധികളും താറുമാറാകുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള ഹാമുകൾ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പുറം ലോകവുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കാറുണ്ട്.
തീർച്ചയായും ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒട്ടനവധി സംശയങ്ങൾ ബാക്കിയുണ്ടാകാം ... ചോദ്യത്തര രൂപത്തിൽ അക്കാര്യം കൂടി വ്യക്തമാക്കാം .....
1. ആർക്കൊക്കെ ഹാം റേഡിയോ ഓപ്പറേറ്റർ ആവാം ?
12 വയസ്സ് കഴിഞ്ഞ ആർക്കു വേണമെങ്കിലും ഹാം റേഡിയോ ഓപ്പറേറ്റർ ആകാം അതിനായി ഒരു പരീക്ഷ പാസാവേണ്ടതുണ്ട്.
2. ലൈസെൻസ് ആവശ്യമാണോ ? ആരാണ് ലൈസൻസ് നൽകുന്നത് ?
കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള വയർലെസ് പ്ലാനിങ് ആൻഡ് കോ ഓർഡിനേഷൻ വിങ് അഥവാ ഡബ്ള്യു പി സി ആണ് ഇന്ത്യയിൽ ലൈസൻസ് നല്കാൻ ചുമതലപ്പെട്ട അതോറിറ്റി
പരീക്ഷ നടത്തി ലൈസൻസ് ഇഷ്യു ചെയ്യുന്നതും അവർതന്നെ
3.പരീക്ഷ എങ്ങനെയാണു ?
ഇന്ത്യയിൽ രണ്ടുതരം ലൈസന്സുകളാണ് ലഭ്യമായിട്ടുള്ളത്
1 . ജനറൽ ഗ്രേഡ്
2 . റെസ്ട്രിക്ടഡ് ഗ്രേഡ്
റേഡിയോ തിയറി ആൻഡ് പ്രാക്റ്റീസ് , റേഡിയോ റെഗുലേഷൻസ് , മോഴ്സ് കോഡ്,ബേസിക് ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ നിന്ന് നൂറു മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാവും റെസ്ട്രിക്ടഡ് ഗ്രേഡ് ലൈസൻസിന് മോഴ്സ് കോഡ് ആവശ്യമില്ല.യഥാക്രമം 55%, 50% മാർക്ക് വാങ്ങിയാൽ പരീക്ഷ പാസ് ആകാം.
4.പരീക്ഷ പാസ്സ് ആയാൽ വയർലെസ്സ് സെറ്റ് ഉപയോഗിക്കാമോ ?
ഇല്ല, പരീക്ഷ പാസ് ആയ ശേഷം നിർദിഷ്ട ലൈസൻസ് ഫീസ് അടച്ചു കാത്തിരിക്കുക. പോലീസ്,IB, വെരിഫിക്കേഷനുകൾക്ക് ശേഷം നിങ്ങളുടെ ലൈസൻസ് തപാലിൽ അയച്ചു കിട്ടും അത് കയ്യിൽ കിട്ടിയാൽ വയർലെസ്സ് സെറ്റ് ഉപയോഗിച്ച് തുടങ്ങാം
5. ആരോടൊക്കെ സംസാരിക്കാം?
ഇന്ത്യയിൽ 38000 ലൈസൻസ് ഹോൾഡർ മാരാണ് ഉള്ളത് പത്തു വര്ഷം മുൻപ് നടത്തിയ കണക്കെടുപ്പ് പ്രകാരം ലോകത്താകമാനം അൻപതുലക്ഷത്തിലതികം ഹാം റേഡിയോ ഓപ്പറേറ്റർമാരുണ്ട്
ഇവരിൽ ആരോട് വേണമെങ്കിലും സൗജന്യമായി സംസാരിക്കാൻ ഹാം റേഡിയോ ഉപയോഗിക്കാം
6. വയർലെസ്സ് സെറ്റുകൾക്ക് അഞ്ചു കിലോമീറ്റര് ദൂരമല്ലേ റേഞ്ച് കിട്ടു പിന്നെങ്ങനെ ഇത്ര ദൂരം സംസാരിക്കും ?
തെറ്റിദ്ധാരണയാണ്, പോലീസ് കാരും മറ്റും ഉപയോഗിക്കുന്ന ചെറിയ സെറ്റുകൾ കണ്ടിട്ടാണ് പലരും ഇങ്ങനെ സംശയിക്കുന്നത്.
ഹാംറേഡിയോ പ്രവർത്തിപ്പിക്കുന്നത് പ്രധാനമായും മൂന്ന് തരം ഫ്രീക്വൻസി ഉപയോഗിച്ചാണ്.
HF ,VHF , UHF ഇവയിൽ തന്നെ വിവിധ ബാൻഡുകൾ വേറെയുമുണ്ട്
എച് എഫ് ഫ്രീക്വൻസി ഉപയോഗിച്ച നിങ്ങൾക്ക് ലോകത്തിന്റെ എല്ലാ കോണിലേക്കും സംസാരിക്കാൻ കഴിയും . കൂടാതെ ഇന്റർ നാഷണൽ സ്പേസ് സ്റ്റേഷനിലെ സയന്റിസ്റ്റുകളോട് പോലും ഹാം റേഡിയോ ഓപ്പറേറ്റർക്ക് സംസാരിക്കാൻ അനുവാദം ഉണ്ട്.
7 .എവിടെ വേണമെങ്കിലും കൊണ്ട് നടന്ന് ഉപയോഗിക്കാമോ ?
വളരെ പ്രസക്തമായ ചോദ്യമാണ്. വയർലെസ്സ് സെറ്റുകൾ കൊണ്ട് നടന്ന് ഉപയോഗിക്കാൻ അനുവാദം ഇല്ല ലൈസൻസ് നൽകുന്നത് ഏത് അഡ്രസ്സിൽ ആണോ അവിടെ മാത്രമേ ഇത് 'നിയമപരമായി'ഉപയോഗിക്കാൻ കഴിയു. എന്നാൽ ചില പരീക്ഷണങ്ങൾക്കു വേണ്ടിയും, ഹാം റേഡിയോ ഓപ്പറേറ്റർമാർ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് വേണ്ടിയും പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോഴും മറ്റും ഒരു സ്ഥലത്തേക്ക് പ്രത്യേക ലൈസൻസുകൾ അനുവദിക്കാറുണ്ട്. വാഹനങ്ങളിൽ ഘടിപ്പിച്ച ഉപയോഗിക്കാനും മറ്റും അനുവാദം ഇല്ല.
8. മൊബൈൽ ഫോണുകളും മറ്റും ഇത്ര വ്യാപകമായ കാലത്ത് എന്തിനാണ് ഇത്ര ബുദ്ധിമുട്ടി ഹാം ആകുന്നത്?
ഹാം റേഡിയോ തികച്ചും ഒരു ഹോബി ആണ്. സൗഹൃദങ്ങൾ ഉണ്ടാക്കാനും ഇലക്ട്രോണിക്സ് പരീക്ഷണ നിരീക്ഷണങ്ങൾ നടത്താനും താല്പര്യമുള്ളവർക്ക് ഹാം റേഡിയോ സഹായകരമാകും. ആദ്യത്തെ സോഷ്യൽ മീഡിയ എന്നറിയപ്പെടുന്ന വിനോദമാണ് ഹാം റേഡിയോ
9 എന്താണ് പ്രയോജനം ?
സൗഹൃദ വലയമാണ് ഏറ്റവും വലിയ പ്രയോജനം . കേരളത്തിന്റെ എന്നല്ല ഇന്ത്യയുടെ എന്നല്ല ലോകത്തിന്റെ തന്നെ എല്ലാകോണിലും സുഹൃത്തുക്കൾ ഉണ്ടാകാൻ ഹാംറേഡിയോ സഹായിക്കും. മറ്റു സോഷ്യൽ മീഡിയ പോലെ ഫേക്ക് അക്കൗണ്ടുകൾ ഇല്ല എന്നതാണ് നേട്ടം
ഓട്ടോ ഡ്രൈവർ ,കർഷകൻ തുടങ്ങി നാസ ശാസ്ത്രജ്ഞൻ മുതൽ അമേരിക്കൻ പ്രസിഡന്റ് വരെ അടങ്ങുന്ന വലിയ കമ്മ്യൂണിറ്റി ആണ് ഹാം റേഡിയോ. ശെരിക്കും നാനാത്വത്തിൽ ഏകത്വം. എല്ലാവരെയും തുല്യരായി കാണുന്ന ഈ കൂട്ടയ്മയിൽ വലിപ്പച്ചെറുപ്പമില്ലാതെ ആരെയും പേരെടുത്തു വിളിക്കാം എന്നതും വലിയ പ്രത്യേകതയാണ്.
10. എത്ര ചെലവ് വരും ?
പരീക്ഷ ഫീസ് 100 രൂപ , ലൈസൻസ് ഫീസ് 20 വര്ഷം കാലാവധി ഉള്ളതിന് 1000/രൂപ ലൈഫ് ടൈം ലൈസൻസ് 2000/രൂപ.
കേരളത്തിൽ പലയിടത്തും പരീക്ഷ എഴുതികാം എന്ന് വാഗ്ദാനം ചെയ്തു ഭീമമായ തുക ഈടാക്കുന്ന തട്ടിപ്പുകാർ ധാരാളമായുണ്ട്. അവിടെയൊന്നും ചെന്നുപെട്ട വഞ്ചിക്കപ്പെടാതിരിക്കുക.
ഗവണ്മെന്റ് സൈറ്റ് ലിങ്ക് താഴെ ചേർക്കുന്നുണ്ട്.
ആയിരം രൂപയിൽ താഴെചിലവാക്കി ലോകം മുഴുവൻ സംസാരിക്കാവുന്ന തരം വയർലെസ്സ് സെറ്റുകൾ നിർമിക്കാൻ കഴിയും.
അതിനു ഹാം റേഡിയോ ഓപ്പറേറ്റർമാർ സഹായിക്കുകയും ചെയ്യും.
അതിനു കഴിയില്ലെങ്കിൽ ഓൺലൈൻ സൈറ്റുകളിലൂടെയും മറ്റും വാങ്ങാവുന്നതാണ് രണ്ടായിരം രൂപമുതൽ ലക്ഷങ്ങൾ വിലയുള്ള എക്വിപ്മെന്റ്സ് വരെ ലഭ്യമാണ്.
11. ലൈസൻസ് ഇല്ലാതെ ഉപയോഗിച്ചാൽ എന്ത് സംഭവിക്കും
വയർലെസ്സ് മോണിറ്ററിങ് സ്റ്റേഷനുകൾ എന്നൊരു സംവിധാനം ഉണ്ട് എല്ലാ വയർലെസ്സ് സന്ദേശങ്ങളും അവരുടെ നിരീക്ഷണത്തിലാണ്. ഇല്ലീഗൽ ട്രാൻസ്മിഷനുകൾ കണ്ടുപിടിക്കാൻ പ്രത്യേക സംവിധാനങ്ങൾ തന്നെ അവിടെയുണ്ട്. പിടിക്കപ്പെട്ടാൽ രാജ്യദ്രോഹക്കുറ്റം വരെ ചുമത്തപ്പെടാം
**കൂടുതൽ എന്തെങ്കിലും ?
വളരെ ഏറെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാണ് ഹാം റേഡിയോ ഓപ്പറേറ്റർമാർ
ദേശാന്തര വാർത്താവിനിമയം അസാധ്യമായിരുന്നു കാലത്തു അന്യരാജ്യങ്ങളിൽ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അത്യാവശ്യ മരുന്നുകൾ പൈലറ്റ് മാർ വഴി എത്തിച്ചു കൊടുത്തിരുന്നു
സുനാമി വന്നപ്പോൾ ഒറ്റപ്പെട്ടുപോയ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സഹായം എത്തിച്ചത് അവിടെ നിന്ന് പ്രവർത്തിച്ച വനിതാ ഹാം റേഡിയോ പ്രവർത്തകയാണ്.
കുവൈത് യുദ്ധകാലത് അവിടുന്ന് ഇന്ത്യയിലേക്ക് കമ്മ്യൂണിക്കേഷൻ എത്തിച്ചത് ഒരു ഹാം റേഡിയോ ഓപ്പറേറ്റർ ആയിരുന്നു
നേപ്പാൾ ഭൂകമ്പ സമയത് ലോകത്തു തന്നെ ആദ്യമായി ആ രാജ്യവുമായി വാർത്താവിനിമയ ബന്ധം സ്ഥാപിച്ചത് കോഴിക്കോടുള്ള ബാങ്ക് ഉദ്യോഗസ്ഥനായ ഹാം റേഡിയോ ഓപ്പറേറ്റർ ആണ്
ചെന്നൈ ദുരന്ത സമയത്ത് സ്തുത്യർഹ സേവനം നടത്തിയിരുന്നു
ഓഖി ചുഴലിക്കാറ്റിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതിൽ കൊല്ലത്തെ ഹാംറേഡിയോ ഓപ്പറേറ്റർ മാർ നൽകിയ സേവനം വിലമതിക്കാനാവില്ല...
രാജീവ് ഗാന്ധി വധത്തെ തുടർന്ന് എൽ ടി ടി സന്ദേശങ്ങൾ ചോർത്തി സൈന്യത്തിനെ സഹായിച്ചത് ഹാംറേഡിയോ പ്രവർത്തകരാണ്
ചില പ്രമുഖ ഹാം റേഡിയോ ഓപ്പറേറ്റർമാരെ കൂടി പരിചയപ്പെടുത്തി അവസാനിപ്പിക്കാം
യൂറി ഗഗാറിൻ
കല്പന ചൗള
ജോർദാൻ രാജാവ് കിംഗ് ഹുസൈൻ
രാജീവ് ഗാന്ധി
അമിതാഭ് ബച്ചൻ
കമൽ ഹാസൻ
ചാരുഹാസൻ
സോണിയ ഗാന്ധി
മമ്മൂട്ടി
ലോക് നാഥ് ബെഹ്‌റ
സിബി മാത്യൂസ്
ഇനിയും ഉണ്ട് ഒരുപാട്.... പക്ഷേ പോസ്റ്റിന് ദൈർഘ്യം കൂടും എന്ന ഭയം .....
നിങ്ങൾക്ക് അറിയാവുന്ന വിവരങ്ങൾ കമന്റ് ആയി കൂട്ടിച്ചേർക്കാം അഭിപ്രായങ്ങൾ അറിയിക്കാം സംശയങ്ങൾ ചോദിക്കാം....
കടപ്പാട് : എന്റെ ഹാം റേഡിയോ സുഹൃത്തുക്കൾക്ക്
NB: ലൈസൻസ് ഇല്ലാതെ ഇന്ത്യയിൽ സി ബി റേഡിയോ ഉപയോഗിക്കാം 8000രൂപക് സെറ്റ് ലഭിക്കും. ഗൂഗിൾ നോക്കുക
No comments:
Post a Comment