Saturday, 9 October 2021

 സ്പർശനം  സത്യമോ മിഥ്യയോ ?

ഒരു ഘര (Solid)  വസ്തുവിനകത്തു  ആറ്റങ്ങൾ അടുക്കി വെച്ചിരിക്കുന്നതാണ്  ആദ്യത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

അതിലെ  ഒരു  ആറ്റത്തെ  സൂം (zoom )  ചെയ്‌താൽ എങ്ങെനെ   ഇരിക്കും എന്ന് രണ്ടാമത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്നു.

ആറ്റം, ഒരു കട്ടി പന്ത് (Solid Ball) അല്ല. അതിനകത്തു ഒരു ന്യൂക്ലിയസ് ഉണ്ട്. അതിനെ ചുറ്റി ഇലക്ട്രോൺസ്  കറങ്ങുന്നുണ്ട്.  ഈ കറങ്ങുന്ന ഇലെക്ട്രോൺസ് ഒരു മേഘം പോലെ ആണ് ന്യൂക്ലിയസിനെ പൊതിഞ്ഞിരിക്കുന്നത് . അതുകൊണ്ടു തന്നെ ആറ്റത്തിന് ഒരു ഘര ഉപരിതലം (solid surface)  ഇല്ല

ഒരു ആറ്റത്തിന്റെ വലുപ്പത്തെ അപേക്ഷിച്ചു അതിന്റെ ന്യൂക്ലിയസ് വളരെ വളരെ ചെറുതാണ്. അതിലാണ് പോസിറ്റീവ് ചാർജുള്ള പ്രോട്ടോണുകൾ ഉള്ളത്. അവ തമ്മിലുള്ള ആപേക്ഷിക വലുപ്പം മനസ്സിലാവാൻ ഒരു ഉദാഹരണം പറയാം. ഒരു ആറ്റത്തിന്റെ വലുപ്പം ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ അത്രേ ഉണ്ടെങ്കിൽ , ന്യൂക്ലിയസിന്റെ വലുപ്പം ആ ഗ്രൗണ്ടിന്റെ നടുവിൽ വെച്ചിരിക്കുന്ന ഒരു കപ്പലണ്ടിയുടെ അത്രയുമേ വരൂ.

അതിനു ചുറ്റും ഇലക്ട്രോണുകൾ കറങ്ങുന്ന ആ വലിയ  പ്രദേശമാണ് ഒരു ആറ്റത്തിന്റെ വലുപ്പമായി കണക്കാക്കുന്നത്. അതിൽ മിക്കവാറും സ്ഥലം ശൂന്യതയാണ്. 

ഇലെക്ട്രോണുകൾക്കു നെഗറ്റീവ് ചാർജ് ആയതു കൊണ്ട്, ഈ ഒരു പ്രദേശത്തിന് ഒരു നെഗറ്റീവ് ചാർജ് ഉണ്ടായിരിക്കും. ഒരു നെഗറ്റീവ് ചാർജുള്ള മേഘം പോലെ.

രണ്ടു ഘര വസ്തുക്കൾ തമ്മിൽ അടുപ്പിക്കുമ്പോൾ അവയിലെ ആറ്റങ്ങൾ അടുത്ത് വരുന്നതാണ് മറ്റൊരു ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. ആറ്റം, ഒരു കട്ടി പന്ത് (Solid Ball) അല്ല എന്ന് നേരെത്തെ പറഞ്ഞിരുന്നു. അവ വളരെ അടുത്ത് വരുമ്പോൾ, അതായതു “ തൊട്ടു”  എന്ന അവസ്ഥയിലേക്ക് എത്തുമ്പോളേക്കും അവയുടെ ഇലക്ട്രോണുകൾ ഉണ്ടാക്കുന്ന നെഗറ്റീവ് ചാർജ് മേഘങ്ങൾ പരസ്പരം വികർഷിക്കും. അതിന്റെ ഫലമായി ഒരു ഘര വസ്തുവിലെ ആറ്റങ്ങൾ മറ്റൊരു ഘര വസ്തുവിലെ ആറ്റങ്ങളുമായി കൂട്ടി മുട്ടില്ല. അവ തമ്മിൽ ഏതാനും നാനോമീറ്ററിന്റെ അകലം കാണും. ഒരു മുടിനാരിഴയുടെ പതിനായിരത്തിലൊരംശത്തിലും കുറഞ്ഞ  അകലം.

അതുകൊണ്ടു, ശാസ്ത്രീയമായി പറഞ്ഞാൽ ഒരു ഘര വസ്തു മറ്റൊരു ഘര വസ്തുവിനെ തൊടുന്നില്ല.

എന്നാൽ പ്രായോഗിക ജീവിതത്തിൽ  ഇതിനു ഒരു പ്രസക്തിയില്ല.

പണ്ട് സ്കൂളിൽ വെച്ച് സാറ് പിച്ചുമ്പോ, ഷിർട്ടിന് മുകളിലൂടെ പിച്ചിയാൽ വേദന കുറയും എന്ന് വിചാരിച്ചിരുന്ന പോലെയേ ഉള്ളു ഇത്. 

ഷർട്ടിന്റെ മേലെ കൂടെ പിച്ചിയാലും നമ്മുടെ കയ്യിൽ നേരെ പിച്ചിയാലും, ഞെങ്ങുന്നതു നമ്മുടെ മാംസം തന്നെ ആണ്. അതിന്റെ ഇടയിൽ ഷർട്ട് ഉണ്ടെന്നുള്ളതിനു കാര്യമായ പ്രസക്തി ഇല്ല. 

അതുപോലെ, ഏതാനും  നാനോമീറ്ററിന്റെ അകലം, സ്പര്ശനം എന്ന അനുഭവത്തിനു ഒരു വ്യത്യാസവും ഉണ്ടാകുന്നില്ല. 

അപ്പൊ മറ്റൊരു സംശയം ഉയർന്നേക്കും. നമ്മൾ കത്തി കൊണ്ട് പഴം മുറിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെ എന്ന്. അപ്പൊ കത്തിയുടെ ആറ്റങ്ങൾ പഴത്തിന്റെ ആറ്റങ്ങളിലേക്കു കയറുന്നില്ലേ  എന്ന്.

നമ്മൾ കത്തികൊണ്ട് പഴം മുറിക്കുമ്പോൾ , പഴത്തിലെ ആറ്റങ്ങളെ കത്തി വകഞ്ഞു മാറ്റുകയാണ് ചെയുന്നത്. അപ്പോളും, കത്തിയുടെ ആറ്റങ്ങൾ പഴത്തിന്റെ ആറ്റത്തിന്റെ അകത്തേക്ക് കയറുന്നില്ല. മറിച്ചു പഴത്തിന്റെ ആറ്റങ്ങളുടെ ഇടയിലുള്ള സ്ഥലത്തേക്കാണ് കയറുന്നതു. പഴം പോലുള്ള ഘര വസ്തുക്കളുടെ ആറ്റങ്ങൾ തമ്മിലുള്ള കൂട്ടിപിടുത്തം (Adhesion) കുറവായതു കൊണ്ട് അവയെ വകഞ്ഞു മാറ്റാൻ കത്തിക്ക് അനായാസം കഴിയും.

No comments:

Post a Comment

ദിനോസറുകൾക്കും മുൻപ്

ഭൂമിയിൽ ഇന്നേ വരെ ജീവിച്ചതിൽ വെച്ചേറ്റവും വലിയ ജീവിവിഭാഗങ്ങളിൽ ഒന്നാണ് മുകളിൽ പറഞ്ഞ ദിനോസർകൂട്ടം.𝟏𝟓𝟎 മില്യൺ വർഷങ്ങൾക്ക് മുൻപ് അവർ ഇവിടം അ...