Saturday 18 December 2021

 ദീർഘദൂരം പറക്കുന്നതിനിടെ ഉറങ്ങുന്ന ഫ്രിഗെറ്റ് പക്ഷികള്‍

-----------------------------

പലവിധം കടല്‍ പക്ഷികളുണ്ട് ഈ ലോകത്ത്. 46 ദിവസം കൊണ്ട് ഭൂമി ചുറ്റാന്‍ സാധിക്കുന്ന ആല്‍ബട്രോസ് മുതൽ 200 ദിവസത്തോളം തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്ന ആല്‍പിന്‍ സ്വിഫ്റ്റ് പോലുള്ള പക്ഷിക്കള്‍ ഇക്കൂട്ടത്തിലുണ്ട്. അവയെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഗവേഷകരുടെ മനസിലുണ്ട്. ഉത്തരം കിട്ടിയവയും ഇതുവരെയും കിട്ടിയിട്ടില്ലാത്തവയും അതിലുണ്ട്. പല മിത്തുകളും പക്ഷികളെ കുറിച്ചുണ്ട്.


ആല്‍ബട്രോസ് പക്ഷിയ്ക്ക് ഒരു വര്‍ഷത്തോളം നിര്‍ത്താതെ പറക്കാന്‍ സാധിക്കുമെന്നും അവ ഇരപിടിക്കുന്നതും ഇണചേരുന്നതും പറക്കിലിനിടെ തന്നെയാണെന്നുമാണ് ഒരുകാലത്ത് കരുതിയിരുന്നത്. എന്നാല്‍ അങ്ങനെയല്ല. ദൈര്‍ഘ്യമേറിയ പറക്കലിന് റെക്കോര്‍ഡുള്ളത് ആല്‍പിന്‍ സ്വിഫ്റ്റ് എന്ന പക്ഷിയ്ക്കാണ്. 200 ലേറെ ദിവസങ്ങള്‍ അവ തുടര്‍ച്ചയായി പറക്കും. ആല്‍ബട്രോസ് പക്ഷിയ്ക്ക് 46 ദിവസം കൊണ്ട് ഭൂമി ചുറ്റിക്കറങ്ങിവരാന്‍സാധിക്കും. വിരലിലെണ്ണാവുന്ന അത്രയും തവണ മാത്രമെ ഇവ പറക്കലിന് ഇടവേള നല്‍കുകയുള്ളൂ.


എന്നാല്‍ ഈ മാസം നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനത്തില്‍ ‘ഫ്രിഗെറ്റ് പക്ഷി’ (Frigate Bird) എന്ന കടല്‍പക്ഷിയുടെ സഞ്ചാരവുമായി ബന്ധപ്പെട്ട് സുപ്രധാനമായൊരു കണ്ടെത്തലുണ്ട്.


ആല്‍പിന്‍ സ്വിഫ്റ്റ് പക്ഷിയുടെ അത്രയും ദൈര്‍ഘ്യമേറിയ യാത്രകള്‍ നടത്താന്‍ ശേഷിയുള്ള പക്ഷിയൊന്നുമല്ല ഫ്രിഗെറ്റ്. എന്നാല്‍ ഭൂമിയില്‍ തൊടാതെ രണ്ട് മാസക്കാലത്തോളം പറക്കാന്‍ ഇവയ്ക്ക് സാധിക്കുമത്രെ. കടലിന് മുകളിലൂടെ പറക്കുമ്പോള്‍ വിശ്രമിക്കാന്‍ തോന്നിയാല്‍ പോലും ഇവ താഴെ ഇറങ്ങാറില്ല. കാരണം മറ്റ് കടല്‍ പക്ഷികളെ പോലെ ഇവയ്ക്ക് നീന്താന്‍ അറിയില്ല.


വിശ്രമത്തിന് വേണ്ടി ഫ്രിഗറ്റ് പക്ഷിയ്ക്ക് ഈ കഴിവ് ഇല്ലാത്തതിനാല്‍ തന്നെ മറ്റൊരു രീതിയില്‍ ഇവയ്ക്ക് വിശ്രമിക്കാന്‍ സാധിക്കുന്നുണ്ടെന്ന സംശയത്തിലായിരുന്നു ഗവേഷകര്‍. ഫ്രിഗറ്റ് പക്ഷിയ്ക്ക് പറക്കുന്നതിനിടയില്‍ തന്നെ ഉറങ്ങാനുള്ള കഴിവുണ്ടോ എന്ന സംശയം അങ്ങനെ അവര്‍ക്കുണ്ടായി. അങ്ങനെയാണ് ജര്‍മനയിലെ മാക്‌സ് പ്ലാന്‍ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓര്‍ണിത്തോളജിയിലെ നീല്‍സ് റാറ്റെന്‍ബോര്‍ഗും സഹപ്രവര്‍ത്തകരും അവരുടെ പഠനത്തിനായി ആ വിഷയം തന്നെ തിരഞ്ഞെടുത്തത്.


15 ഓളം പക്ഷികളുടെ തലയോട്ടിയ്ക്കുള്ളില്‍ ഇലക്ട്രോഎന്‍സെഫലോഗ്രാഫുകള്‍ ഘടിപ്പിച്ചാണ് (ഇഇജി) ഇവര്‍ പഠനം നടത്തിയത്. തലച്ചോറിലെ വൈദ്യുതിയുടെ പ്രവര്‍ത്തനം കണ്ടെത്താന്‍ ഈ ഉപകരണത്തിന് സാധിക്കും. അതുവഴി അവ ഉറങ്ങുകയാണോ ഉണര്‍ന്നിരിക്കുകയാണോ എന്നറിയാം. പക്ഷിയില്‍ ഘടിപ്പിച്ച ആക്‌സിലെറോ മീറ്റര്‍ ഉപയോഗിച്ച് അവ എത്ര വേഗം ഏത് ദിളയില്‍ സഞ്ചരിക്കുന്നുവെന്ന് കണ്ടെത്താനാവും.


ഒരാഴ്ച കഴിഞ്ഞ് ഈ ഉപകരണത്തിലെ വിവരങ്ങള്‍ ഗവേഷകര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്തു. അപ്പോഴാണ് ഫ്രഗേറ്റ്പക്ഷികള്‍ പറക്കുന്നതിനിടയില്‍ തന്നെ ഉറങ്ങുന്നുണ്ടെന്ന് കണ്ടെത്തിയത്. ഒരു ദിവസം ഏകദേശം 45 മിനിറ്റ് നേരം മാത്രമാണ് ഇവ ഉറങ്ങുന്നത്. അതും നേരം ഇരുട്ടിയതിന് ശേഷം. എന്നാല്‍ കരയിലായിരിക്കുമ്പോള്‍ പകല്‍ ഒരു മിനിറ്റ് നേരവും രാത്രി ഏകദേശം 12 മണിക്കൂര്‍ നേരവും ഉറങ്ങും.


പറക്കുന്നതിനിടെ ഉറങ്ങുമ്പോള്‍ ഇവ പൂര്‍ണമായും ഓട്ടോ പൈലറ്റ് (താനെ പറക്കുന്നത്) മോഡില്‍ ആയിരിക്കില്ല. തലച്ചോറിന്റെ ഒരു വശമായിരിക്കും ആദ്യം ഉറങ്ങുക. അപ്പോള്‍ മറുവശം ഉണര്‍ന്നിരിക്കും. ശത്രുക്കളില്‍ നിന്ന് രക്ഷനേടന്‍ സാധാരണ ജീവികളില്‍ ഈ സംവിധാനം ഉണ്ടാവാറുണ്ട്. എന്നാല്‍ ഫ്രിഗറ്റ്പക്ഷിയ്ക്ക് പറക്കുന്നതിനിടെ ആകാശത്ത് മറ്റ് ശത്രുക്കളൊന്നുമുണ്ടാവാറില്ല.


എന്നാല്‍ പറക്കുന്നതിനിടെ ഉറങ്ങുമ്പോള്‍ ആകാശത്ത് വെച്ച് കൂട്ടിമുട്ടാതിരിക്കാന്‍ വേണ്ടിയാണ് ഫ്രിഗറ്റ് പക്ഷികള്‍ ഈ പാതിയുറക്കമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. കാരണം പഠനത്തിനിടെ അവ ഒരിക്കലും പരസ്പരം കൂട്ടിയിടിച്ചിട്ടില്ല.


പരുന്തുകളെ പോലെ വായു സഞ്ചാരത്തിനനുസരിച്ച് താഴേക്ക് ഊളിയിട്ടും ഉയര്‍ന്നു പൊങ്ങിയുമാണ് ഇവ ദീര്‍ഘദൂരം പറക്കുന്നത്. വായുവില്‍ താഴേക്കിറങ്ങുമ്പോള്‍ ഇവ ഉറങ്ങാറില്ല.


ഏറെക്കാലമായി ഗവേഷകര്‍ക്കിടയില്‍ നിലനിന്നിരുന്ന സിദ്ധാന്തമാണ് ഇതോടെ സ്ഥിരീകരിക്കപ്പെടുന്നത്. ജീവികളില്‍ ഉറക്കത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വിശദീകരിക്കാന്‍ ഈ കണ്ടെത്തല്‍ അധിക വിവരമാവും.

No comments:

Post a Comment

ദിനോസറുകൾക്കും മുൻപ്

ഭൂമിയിൽ ഇന്നേ വരെ ജീവിച്ചതിൽ വെച്ചേറ്റവും വലിയ ജീവിവിഭാഗങ്ങളിൽ ഒന്നാണ് മുകളിൽ പറഞ്ഞ ദിനോസർകൂട്ടം.𝟏𝟓𝟎 മില്യൺ വർഷങ്ങൾക്ക് മുൻപ് അവർ ഇവിടം അ...