Tuesday, 3 August 2021

നക്ഷത്ര സമൂഹങ്ങളുടെ ഫോട്ടോകൾ...(എങ്ങനെ, എപ്പോൾ, ആര്‍ക്ക് വേണമെങ്കിലും)


#ആസ്ട്രോഫോട്ടോഗ്രഫി/ നക്ഷത്ര സമൂഹങ്ങളുടെ ഫോട്ടോകൾ...(എങ്ങനെ, എപ്പോൾ, ആര്‍ക്ക് വേണമെങ്കിലും) 


👉 എനിക്ക് പറ്റുമോ, ഇത് എങ്ങനെയാണ് എടുക്കുന്നത്, എന്റെ കയ്യില്‍ ക്യാമറ ഇല്ല, എങ്ങനെ കണ്ടു പിടിക്കും... എന്നിങ്ങനെ ഒരുപാട്‌ കമ്മന്റുകൾ പല പോസ്റ്റിലും കാണാറുണ്ട്. എനിക്ക് അറിയാവുന്ന പരിമിതമായ കാര്യങ്ങൾ ഇവടെ നിങ്ങള്‍ക്ക് വേണ്ടി ഷയർ ചെയുന്നു. ഉപകാരം ആകുകയാണങ്കിൽ സന്തോഷം.


👉 ആര്‍ക്കൊക്കെ. 


അത്യാവശ്യം മെഗാ പിക്സൽ നല്‍കുന്ന ക്യാമറ ഉള്ള ഏത് ഫോണിലും നിങ്ങള്‍ക്ക് അതിന്റേതായ പരിമിതികളോട് കൂടെ astrophotography ചെയ്യാവുന്നതാണ്.


👉 എന്തൊക്കെ ആവശ്യമാണ്‌.


ഒരു mobile ക്യാമറ ( പ്രോ മോഡ് ഉള്ളത്), ഒരു ട്രൈപ്പോഡ്, നക്ഷത്രങ്ങളെ തിരിച്ച് അറിയാൻ സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്പ്, ഒരു ജി ക്യാം (optional).


👉 എന്തൊക്കെ മാറ്റിനിർത്താം.


290 മുതൽ ആയിരങ്ങള്‍ വില വരുന്ന ട്രൈപ്പോഡുകൾ ഇന്ന്‌ ആമസോൾ, ഫ്ലിപ്പ്കാർട്ട് എന്നിവയില്‍ ലഭ്യമാണ്. നിങ്ങളുടെ താല്പര്യത്തിന് അനുസരിച്ച്, റിവ്യു നോക്കി നിങ്ങള്‍ക്ക്‌ അത്‌ ഒരെണ്ണം വാങ്ങാവുന്നതാണ്. മറിച്ച് അതിന്‌ നിങ്ങള്‍ക്ക് താല്പര്യമില്ല എങ്കിൽ ഇത് ഒഴിവാക്കാം. പകരം മൊബൈൽ അനക്കം തട്ടാതെ, ഉരുണ്ട് വീഴാതെ ഒരു സ്ഥലത്ത് ഉറപ്പിച്ച് വെക്കാൻ ശ്രദ്ധിക്കണം. അങ്ങനെ ചെയ്യുമ്പോൾ അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ട്രൈപ്പോഡുകൾ വീട്ടില്‍ സ്വയം നിര്‍മ്മിക്കാനും സാധിക്കും. നിലവില്‍ ട്രൈപ്പോഡ് മാത്രമേ നമ്മുക്ക് മാറ്റി വെക്കാൻ സാധിക്കു.


👉 എങ്ങനെ


വളരെ വ്യക്തമായി നക്ഷത്രങ്ങളെ കാണാന്‍ സാധിക്കുന്ന ഒരു രാത്രി തിരഞ്ഞെടുക്കുക. നിങ്ങൾ എന്തിന്റെയാണോ ഫോട്ടോ എടുക്കാൻ ഉദ്ദേശിക്കുന്നത് അവ ആകാശത്തിൽ എവിടെയാണ് എന്ന് കണ്ടെത്തുക. ഇവിടെയാണ്‌ നമ്മുക്ക് സഹായമായി Stellarium, Sky map, Sky walker എന്നീ ആപ്പുകൾ വരുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്ന് പ്ലേ സ്റ്റോറിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത ശേഷം ഓപ്പണാക്കി ആകാശത്തിലേക്ക് ഫോൺ ഉയർത്തി നോക്കുക. നിങ്ങളുടെ ഫോണിന്റെ GPS ഉപയോഗിച്ച് നിങ്ങള്‍ക്ക് മുകളിലുള്ള എല്ലാ നക്ഷത്ര സമൂഹങ്ങളേയും അത് കാണിച്ച് തരും.


ഉദാഹരണത്തിന് നിങ്ങൾ Milkyway ആണ്‌ ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ ഫോണിൽ മുകളില്‍ പറഞ്ഞ ആപ്പ് എടുത്തതിന് ശേഷം Sagittarius നക്ഷത്രത്തെ കണ്ടുപിടിക്കുക. Stellarium പോലുള്ള ആപ്പ് ആണെങ്കിൽ അവിടെ നിങ്ങള്‍ക്ക് കൃത്യമായി Milkyway കാണാനും സാധിക്കും. (ഞാൻ ഉപയോഗിക്കുന്നത് Stellarium ആണ്‌)


നമ്മുക്ക് വേണ്ടുന്ന ആളെ കിട്ടി കഴിഞ്ഞാൽ അടുത്ത ജോലി എന്നത് ഫോൺ ആ ദിശയില്‍ ഉറപ്പിച്ച് നിര്‍ത്തുക എന്നതാണ്. ഇതിന്‌ നിങ്ങള്‍ക്ക് ട്രൈപ്പോഡ് ഉപയോഗിക്കാം അല്ലെങ്കിൽ നിങ്ങളുടെ ഇഷ്ട പ്രകാരം എന്തെങ്കിലും ഒന്ന്. ശ്രദ്ധിക്കുക ചെറിയ അനക്കം പോലും ഫോണിന് ഉണ്ടാവാന്‍ പാടില്ല.


ഇനി നമ്മുക്ക് ക്യാമറ സെറ്റപ്പ് പരിശോധിക്കാം.


👉 ക്യാമറ സെറ്റപ്പ്.


1) സാധാ ക്യാമറ ആണെങ്കിൽ.


ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്ന നിങ്ങളുടെ ഫോണിലെ ക്യാമറ ഇനി ഓപ്പൺ ചെയ്യാം. ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് തന്നെയാണോ ക്യാമറ ഇരിക്കുന്നത് എന്ന് ഇടക്ക് stellarium പോലുള്ള ആപ്പ് എടുത്ത് നോക്കുന്നത് നല്ലതാണ് അങ്ങനെ ആണ്‌ എങ്കിൽ ഇനി നേരെ നിങ്ങൾ ക്യാമറയുടെ പ്രോ മോഡിലേക്ക് പോകുക. അവിടെ കുറച്ച് വാല്യുകൾ മാറ്റി നല്‍കേണ്ടി വരും. ഇപ്പോൾ വരുന്ന ഒട്ടു മിക്ക എല്ലാ ഫോണുകളിലും പ്രോ മോഡ് ഉണ്ടാവാറുണ്ട്. Shutter speed (S Value), ISO, WB എന്നിവയാണ്‌ നമ്മുക്ക് മാറ്റേണ്ടി വരുക. എല്ലാം കൃത്യമാണ് എങ്കിൽ നിങ്ങളുടെ ഫോണിലെ ഏറ്റവും ഉയർന്ന Shutter value (20s,25s,30s,60s) എന്നിങ്ങനെ ഉള്ളതിലെ ഏറ്റവും ഉയർന്ന വാല്യൂ തന്നെ എടുക്കുക. അതിന്‌ ശേഷം WB(White Balance) Auto കൊടുക്കുന്നതാണ് ഏറ്റവും ഉചിതം. ISO ഒരുപാട്‌ കൂട്ടി നല്‍കാതെ ശ്രദ്ധിക്കണം. ഒരുപാട്‌ കൂടിയാൽ ലഭിക്കുന്ന പടത്തിൽ നോയിസ് കൂടാനും സാധ്യത ഉണ്ട്. ഒരു 800-1200/1600 വരെയാണ് അതിന്റെ എറ്റവും നല്ല വാല്യൂസ്. ഫോക്കസ് നമ്മുക്ക് infinity ആണ്‌ വെക്കേണ്ടത് അത് നമ്മൾ ഇതിനോടൊപ്പം സെറ്റ് ചെയിതു വെക്കണം. (ചില ഫോണുകളിൽ മരം, നക്ഷത്രം, മല അങ്ങനെ ഒക്കെയാണ് infinity focus കാണിച്ച് ഒരുക്കുന്നത്).ഇത്രയും സെറ്റ് ചെയ്തതിന് ശേഷം ടൈമർ ഒരു 3sec കൊടുക്കുക. ക്ലിക്ക് ചെയ്യുമ്പോള്‍ തന്നെ പടം എടുക്കാന്‍ തുടങ്ങിയാല്‍ അവിടെ ഒരു ചെറിയ vibration വരാൻ സാധ്യതയുണ്ട് അതുകൊണ്ടാണ് ടൈമർ കൊടുക്കുന്നത്. ഇവയെല്ലാം കൊടുത്തു കഴിഞ്ഞാല്‍ നമ്മുക്ക് ഫോട്ടോ എടുക്കാൻ തുടങ്ങാം. അദ്യം ക്ലിക്ക് ചെയ്യുമ്പോള്‍ 3sec ടൈമർ തുടങ്ങും അതിന്‌ ശേഷം ക്യാമറ തന്നെ ഫോട്ടോ എടുക്കാന്‍ തുടങ്ങും. നിങ്ങൾ എത്ര നേരം ആണോ Shutter speed ഇട്ടിരിക്കുന്നത് അത്രയും നേരം അവിടെ ഉള്ള ലൈറ്റ് അത് ക്യാപ്പ്ച്ചർ ചെയ്യും. 10s ആണ്‌ ഇട്ടിരിക്കുന്നത് എങ്കിൽ 10sec ആരിക്കും അതിന് ഒരു പടം എടുക്കാൻ ആവശ്യമായ സമയം. അതിന്റെ ഇടയില്‍ ക്യാമറ മെന പണിയാൻ പോകരുത് 😴. ഇങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള അത്രയും പടങ്ങൾ എടുക്കാവുന്നതാണ്.


👉 Stacking.


ഒന്നോ രണ്ടോ പടം എടുത്തത് കൊണ്ട്‌ നിങ്ങള്‍ക്ക് മറ്റുള്ളവരെ പോലെ കിട്ടാന്‍ സാധിക്കില്ല. അതിനാണ് stacking എന്ന മെതേട് യൂസ് ചെയ്യുന്നത്. ഒരുപാട്‌ പടങ്ങൾ എടുത്ത് അതിന്റെയെല്ലാം ഒരു ആവറേജ് ഔട്ട് നല്‍കുന്ന പ്രക്രിയ ആണ്‌ ഈ stacking എന്നത്. ഇത് ഒന്നെങ്കിൽ  Photoshop, Lightroom പോലുള്ള സോഫ്റ്റ്‌വെയറുകളിൽ ചെയ്യാം അല്ലെങ്കിൽ Sequator പോലുള്ള സോഫ്റ്റ്‌വെയറിലും ചെയ്യാം.


ഇങ്ങനെ നിങ്ങള്‍ക്ക് സാധ ഫോൺ ക്യാമറ ഉപയോഗിച്ച് ഫോട്ടോകൾ എടുക്കാൻ സാധിക്കും.


2) ജീ ക്യാം


ജ്യി ക്യാം എന്നത് നമ്മുടെ ഫോണിൽ inbuilt ആയിട്ട് വരുന്നത് അല്ലാണ്ട് പുറത്ത് നിന്ന് നമ്മൾ ഇൻസ്റ്റാൾ ചെയ്യുന്ന ക്യാമറ ആണ്‌. നിങ്ങളുടെ ഫോൺ ഏതാണോ അതിന്‌ പറ്റിയ ജീ ക്യാം ഇന്റര്‍നെറ്റിൽ തപ്പിയാല്‍ അധികം ബുദ്ധിമുട്ടാതെ തന്നെ ലഭിക്കും.

ജീ ക്യാമിലും സ്ഥിതി വ്യത്യസ്തമല്ല. എവിടെയാണോ ലൊക്കേഷൻ അങ്ങോട്ട് ക്യാമറ ഓൺ ആക്കി വെക്കുക. ടൈമർ ഇട്ടതിനു ശേഷം നമ്മുക്ക് മാറി നിൽക്കാം കാരണം. Night sight/astro mode എന്നിവയെല്ലാം ഉള്ള ഒരു ജീ ക്യാം ആണ്‌ എങ്കിൽ ചുറ്റുപാടും ഉള്ള ലൈറ്റ് അനുസരിച്ച് അത് തന്നെ എല്ലാം ചെയ്തോളും. Shutter speed, iso ഇതൊന്നും നമ്മൾ മാറ്റാതെ തന്നെ അത് ഒരു ഒറ്റ പടമായി ലഭിക്കും.


ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ ഫോണിൽ ജീ ക്യാം സപ്പോര്‍ട്ട് ആകുമോ ഇല്ലയോ എന്നാണ്‌. ഇതിനായി Camera to API ഉണ്ടോ എന്ന് അറിയണം. അത് അറിയാൻ പ്ലേ സ്റ്റോറില്‍ നിന്നും (Camera to API) ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത്രയും മാത്രം മതി നിങ്ങള്‍ക്കും ഒരു നല്ല ഫോട്ടോ എടുക്കാൻ.


സമയം, ക്ഷമ, നല്ല ചുറ്റുപാട്, അത്യാവശ്യ എഡിറ്റിംഗ് ഇത്രയും ഉണ്ട് എങ്കിൽ ഒട്ടും വൈകാതെ തന്നെ നിങ്ങള്‍ക്കും തുടങ്ങാം Astrophotography.


August മാസം Milkyway ഫോട്ടോ എടുക്കാന്‍ അനുയോജ്യമായ മാസമാണ്. എല്ലാവരും ശ്രമിക്കൂ. 🥰

എന്താണ് ഒരു ബ്ലാക്ക് ഹോൾ?

 


ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ , ഗുരുത്വകർഷണ ബലത്തിന്റെ ആധിക്യം മൂലം, പ്രകാശത്തിനു പോലും പുറത്തു കടക്കാൻ കഴിയാത്ത വസ്തുക്കൾ ആണ് ബ്ലാക്ക് ഹോൾ അഥവാ തമോഗർത്തം.

പ്രകാശത്തിനു പോലും പുറത്തു കടക്കാൻ പറ്റാത്ത അത്രയ്ക്ക് ഗുരുത്വകർഷണം കൂടണമെങ്കിൽ അതിനു, ഒരു വസ്തുവിന്റെ ഭാരം അല്ലെങ്കിൽ പിണ്ഡം മാത്രം കൂടിയാൽ പോരാ, ആ ഭാരം ഒരു വളരെ ചെറിയ വ്യാപ്തത്തിനകത്തു ഒതുങ്ങി ഇരിക്കണം. ( ശാസ്ത്രീയമായി പറഞ്ഞാൽ ഭാരവും പിണ്ഡവും ഒന്നല്ല, എന്നാലും എല്ലാവര്ക്കും മനസിലാകാൻ, ഞാൻ, പിണ്ഡമെന്ന വാക്കിനു പകരം ഭാരം എന്ന വകുപയോകികുന്നു എന്ന് മാത്രം.)

അങ്ങനെ ഒരു വസ്തുവിന് ബ്ലാക്ക് ഹോൾ ആകണമെങ്കിൽ അതിന്റെ ഭാരം മുഴുവൻ ഒതുങ്ങി ഇരിക്കേണ്ട ആ ചെറിയ വ്യാപ്തത്തെ സൂചിപ്പിക്കുന്നതാണ് ആ വസ്തുവിന്റെ schwarzschild radius. ഇത് ഒരു വസ്തുവിന്റെ ഭാരത്തിനു അനുസരിച്ചു ഇരിക്കും.

ഭൂമിയുടെ schwarzschild radius 9 mm ആണ്. സൂര്യന്റേതു 3KM

നമ്മുടെ ഭൂമിയെ ഏതെങ്കിലും രീതിയിൽ നമ്മൾ ഞെക്കി ചുരുക്കി കേവലം 9 mm radius ഉള്ള ഒരു ഗോളമാക്കിയാൽ ഭൂമി ഒരു ബ്ലാക്ക് ഹോളായി മാറും.

5.972 × 10^24 kg മാസ്സുള്ള നമ്മുടെ ഭൂമിയെ, ഇക്കണ്ട മലകളും പുഴകളും കടലുകളുമുള്ള ഭൂമിയെ നമ്മൾ ഏതു വിധേനയും ഞെക്കി ചുരുക്കി ആ ഭാരം മുഴുവൻ ഒരു ഗോലി അഥവാ ഗോട്ടിയുടെ (കേവലം 9 mm radius ) വലുപ്പത്തിലേക്കു ഒതുക്കി കഴിഞ്ഞാൽ ഭൂമി ഒരു ബ്ലാക്ക് ഹൊളായി മാറും.

ഒരു ബ്ലാക്ക് ഹൊളെന്താണെന്നു മനസിലാക്കാൻ വേണ്ടി പറഞ്ഞതാണ്. ഭൂമിയെ ഒരുക്കലും നമുക്ക് ഞെക്കി ചെറുതാക്കാൻ പറ്റില്ല, അതുകൊണ്ടു തന്നെ ഭൂമി ഒരിക്കലും ഒരു ബ്ലാക്ക് ഹോളായി മാറില്ല.

ചുരുക്കം പറഞ്ഞാൽ ഭീമമായ ഭാരം ഉള്ള വസ്തു എന്നതിനേക്കാൾ, ആ ഭാരം ഒരു വളരെ ചെറിയ സ്ഥലത്തു ഒതുങ്ങി ഇരിക്കുന്നു എന്നതാണ് ഒരു ബ്ലാക്ക് ഹോളിന്റെ പ്രേത്യേകത.

ഒരു ബ്ലാക്ക്ഹോളിനേക്കാൾ ഭാരമുള്ള നക്ഷത്രങ്ങൾ ഒരുപാടുണ്ട്.

അവ കത്തി നില്കുന്നിടത്തോളം കാലം അവ ഒരു ബ്ലാക്ക് ഹൊളായി മാറില്ല. അവയിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഊർജം അവയുടെ ഗുരുത്വകർഷണ ബലത്തെ ചെറുത്തു നില്കും. അങ്ങിനെ അവ ചുരുങ്ങാതെ വികസിച്ചു നിൽക്കും.

പക്ഷെ, നമ്മുടെ സൂര്യന്റെ 20 ഇരട്ടിയിൽ കൂടുതൽ ഭാരമുള്ള നക്ഷത്രങ്ങളുടെ, കാമ്പ് (core) അതിലെ ഇന്ധനം കത്തി തീർന്നു കഴിയുമ്പോൾ, അതിനെ വികസിപ്പിച്ചു നിർത്താൻ ഊർജം ഇല്ലാതെ വരുമ്പോൾ, ഗുരുത്വഘര്ഷണം മൂലം ചുരുങ്ങാൻ തുടങ്ങും. അങ്ങനെ ചുരുങ്ങുന്ന ഒരു നക്ഷത്ര കാമ്പിനു സൂര്യന്റെ 3 ഇരട്ടിയിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ ആ നക്ഷത്ര കമ്പിന്റെ ചുരുങ്ങലിനെ തടഞ്ഞു നിർത്താൻ ഒരു ശക്തിക്കും കഴിയില്ല. അത് സ്വന്തം ഗുരുത്വകര്ഷണ ബലം മൂലം ചുരുങ്ങി, അതിന്റെ Schwarzschild radiusനെക്കാളും ചുരുങ്ങും. അപ്പോൾ ആണ് ബ്ലാക്ക്‌ഹോളുകൾ ഉണ്ടാകുന്നതു.

ഇത്തരത്തിൽ ഒരു നക്ഷത്രം കത്തി കഴിഞ്ഞു ബ്ലാക്ക് ഹോളാവുന്നതിനു മുൻപ് സൂപ്പർനോവ എന്ന പേരിലൊരു പൊട്ടിത്തെറി ഉണ്ടാകും. ആ പൊട്ടിത്തെറിയിൽ നക്ഷത്രത്തിന്റെ കാമ്പോഴികെ മറ്റുള്ള ഭാഗങ്ങൾ ചിതറി പോകും. അതിനു ശേഷം ഭാക്കി വരുന്ന കാമ്പാണ് ചുരുങ്ങി ബ്ലാക്ക് ഹോളാകുന്നത്.

ബഹിരാകാശയാത്രയിൽ കത്തിയെരിഞ്ഞ 7 പേർ

 ബഹിരാകാശയാത്രയിൽ കത്തിയെരിഞ്ഞ 7 പേർ, മുഖം നീലിച്ചു കിടന്ന ആ 3 പേർ; നാസ, റഷ്യ മറച്ച രഹസ്യം?



കഴിഞ്ഞ ദിവസം ലോകത്തെ ആശങ്കയിലാക്കിയ സംഭവമായിരുന്നു, രാജ്യാന്തര ബഹിരാകാശ നിലയവുമായി ഡോക്കിങ് നടത്തുന്നതിനിടയിൽ റഷ്യയുടെ നൗക മൊഡ്യൂളിന്റെ ത്രസ്റ്ററുകൾ താൽക്കാലികമായി ജ്വലിച്ചതും ഇതേത്തുടർന്ന് നിലതെറ്റിയ ബഹിരാകാശനിലയത്തിന്റെ നിയന്ത്രണം താൽക്കാലികമായി നഷ്ടപ്പെട്ടതും.


അത്യാഹിതങ്ങളൊന്നുമില്ലാതെ സംഭവം അവസാനിച്ചെങ്കിലും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോമോസിനു നേരെ വലിയ വിമർശനം ഉയർന്നിട്ടുണ്ട്. സബ് ഓർബിറ്റൽ യാത്രാ രീതിയിലൂടെ വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസനും ബ്ലൂ ഒറിജിൻ മേധാവി ജെഫ് ബെസോസും ബഹിരാകാശത്തിന്റെ പടിവാതിൽ പൊതുജനങ്ങൾക്കായി തുറക്കുന്ന ഈ കാലഘട്ടത്തിലാണ് ഇങ്ങനെയൊരു സംഭവം നടന്നതെന്നുള്ളത് ആശങ്കയുടെ തോത് കൂട്ടി.


2013ൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന ഇറ്റാലിയൻ യാത്രികനായ ലൂക്ക പാരമിട്ടാനോ, ഷെഡ്യൂൾ ചെയ്തിരുന്ന ഒരു ബഹിരാകാശനടത്തത്തിനായി നിലയത്തിനു പുറത്തിറങ്ങി. സ്പേസ് സ്യൂട്ടിന്റെയും മറ്റും സുരക്ഷിതത്വം പല തവണ പരിശോധിച്ച് ഉറപ്പുവരുത്തിയെങ്കിലും ഹെൽമറ്റിന്റെ കാര്യത്തിൽ അത്ര ശ്രദ്ധ കൊടുത്തിരുന്നില്ല. ബഹിരാകാശ നടത്തം അൽപം പിന്നിട്ട ശേഷമാണ് ലൂക്ക അക്കാര്യം മനസ്സിലാക്കിയത്. തന്റെ ഹെൽമെറ്റിനുള്ളിൽ വെള്ളത്തിന്റെ സാന്നിധ്യം. ക്രമേണ അതു കൂടിക്കൂടി വന്നു. ഇതെന്തുകൊണ്ട് സംഭവിക്കുന്നതെന്ന് ലൂക്കയ്ക്ക് മനസ്സിലായില്ല. നിലയത്തിൽനിന്നുള്ള സഹപ്രവർത്തകരുടെ സന്ദേശങ്ങളോ, നിർദേശങ്ങളോ വെള്ളത്തിന്റെ അതിപ്രസരം മൂലം ലൂക്കയ്ക്കു കേൾക്കാൻ കഴിഞ്ഞിരുന്നില്ല. പൊടുന്നനെ അദ്ദേഹം അരമണിക്കൂറോളം നീണ്ട യാത്ര അവസാനിപ്പിച്ച് നിലയത്തിൽ തിരിച്ചെത്തി. തന്റെ ഹെൽമറ്റിലെ കൂളന്റ് പൈപ്പുകളിലുണ്ടായ ചെറിയൊരു ദ്വാരത്തിൽ നിന്നുണ്ടായ ചോർച്ചയാണ് സംഭവത്തിനു വഴിവച്ചതെന്ന് അദ്ദേഹം താമസിയാതെ മനസ്സിലാക്കി. എന്തെങ്കിലും നിസ്സാര പ്രശ്നത്തിന് ആരെങ്കിലും പരിഹാരം ചോദിച്ചാൽ, ഇതൊക്കെ ഒരു വലിയ പ്രശ്നമാണോ, ഇതു ശരിയാക്കാൻ റോക്കറ്റ് സയൻസ് ഒന്നും അറിയേണ്ട എന്നു പാശ്ചാത്യർ പറയാറുണ്ട്. ബഹിരാകാശമേഖല അത്ര സങ്കീർണമാണെന്ന ഒരു ധ്വനിയും ഈ പ്രയോഗത്തിലുണ്ട്. അതു ശരിയുമാണ്. ബഹിരാകാശത്തിന്റെ കണക്കുകൾ കിറുകൃത്യമാണ്; വിഖ്യാത അമേരിക്കൻ ശാസ്ത്രസാഹിത്യകാരൻ ടോം ഗോഡ്‌വിന്റെ പ്രശസ്ത ചെറുകഥയുടെ പേര് പോലെ –‘കോൾഡ് ഇക്വേഷൻസ്’.


നിശ്ചിതഭാരം മാത്രം അനുവദിച്ചിട്ടുള്ള ഒരു പേടകത്തിൽ മരിലിൻ എന്ന പെൺകുട്ടി രഹസ്യമായി കയറിപ്പറ്റുന്നതാണ് ഇതിലെ കഥ. അകത്തു കയറിയാലും കൂടിപ്പോയാൽ തനിക്ക് ലഭിക്കുക ഒരു പിഴശിക്ഷ എന്നേ അവൾ കരുതിയുള്ളൂ. എന്നാൽ ജീവൻ പോലും നഷ്ടമാകും വിധം അപകടമാണ് ബഹിരാകാശത്തു കാത്തിരിക്കുന്നതെന്ന് അവളറിഞ്ഞില്ല. പേടകത്തിന്റെ ഭാരത്തിലുണ്ടാകുന്ന നേരിയ മാറ്റം പോലും ബഹിരാകാശത്തു തിരിച്ചടിയാകുമെന്നാണ് ഈ കഥ പറഞ്ഞു വയ്ക്കുന്നത്. ‘കോൾഡ് ഇക്വേഷൻസിനു’ പിന്നിലെ ഫിസിക്സും എൻജിനീയറിങ്ങുമെല്ലാം ഏറെ ചർച്ചയ്ക്കു പോലും വിധേയമായിട്ടുണ്ട്.

ലോകത്തെ ഞെട്ടിച്ച ഒട്ടേറെ അപകടങ്ങൾ ബഹിരാകാശമേഖലയിലുണ്ടായിട്ടുണ്ട്. ഇതിൽ പലതിനും കാരണമായത് നിസ്സാരമായ പിഴവുകളാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് 1986ലെ ചലഞ്ചർ ദുരന്തം.


 ഉപഗ്രഹവിന്യാസം, ഹാലി വാൽനക്ഷത്രത്തെക്കുറിച്ചുള്ള പഠനം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണു നാസ ഈ ദൗത്യം അയച്ചത്. ഒരു സിവിലിയൻ വനിത ഉൾപ്പെടെ ഏഴുപേരായിരുന്നു യാത്രികർ. യുഎസിൽ അധ്യാപികയായിരുന്ന ക്രിസ്റ്റ മക്കോലിഫ് ആയിരുന്നു ആ സാധാരണക്കാരി.


 ബഹിരാകാശരംഗത്തെ കൂടുതൽ ജനകീയമാക്കാനുള്ള നാസയുടെ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു അവരുടെ യാത്ര.

എന്നാൽ വിക്ഷേപണത്തറയിൽനിന്നു കുതിച്ചുയർന്ന് 50,000 അടി പൊങ്ങിയപ്പോഴേക്കും ചലഞ്ചർ ബഹിരാകാശപേടകം തകർന്നു. ക്രിസ്റ്റ ഉൾപ്പെടെ ഏഴു യാത്രികരും മരിക്കുകയും ചെയ്തു. പേടകത്തിനുള്ളിൽ ഉപയോഗിച്ച, റബറിൽ നിർമിച്ച ചില സംവിധാനങ്ങൾക്ക് താഴ്ന്ന താപനിലയിലെത്തിയപ്പോൾ കേടുപറ്റിയതാണ് ദുരന്തത്തിനു കാരണമായത്. നാസയ്ക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നെന്നും ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരുകയായിരുന്നുമെന്നുമുള്ള വെളിപ്പെടുത്തലുകൾ പിന്നീട് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചു.


ചലഞ്ചറിനും 16 വർഷം മുൻപാണ്, ബഹിരാകാശമേഖലയിലെ ഏറ്റവും ഭീകര സംഭവമായ സോയൂസ് 11 ദുരന്തം നടന്നത്. അമേരിക്കയും സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധം ബഹിരാകാശ രംഗത്ത് അതിരുവിട്ട കാലമായിരുന്നു അത്. മേൽക്കൈ നേടാനായി സോവിയറ്റ് യൂണിയൻ ലോകത്തിലെ ആദ്യ ബഹിരാകാശ സ്റ്റേഷനായ സല്യുട്–1 വിക്ഷേപിച്ചു. ഇതിലേക്കു പുറപ്പെട്ട ആദ്യ യാത്രാസംഘത്തെ വഹിച്ച ദൗത്യമാണ് സോയൂസ് 11. ലോകത്താദ്യമായി ബഹിരാകാശത്തു താമസിക്കുന്നവരെന്ന നിലയിൽ സോയൂസ് 11 യാത്രികർക്ക് ലോകമെങ്ങും വലിയ പ്രശസ്തി ലഭിച്ചു. സോവിയറ്റ് യൂണിയനിൽ ഇവർക്ക് വലിയ ഹീറോ പരിവേഷമായിരുന്നു.

ബഹിരാകാശമേഖലയിലെ നിർണായക രംഗങ്ങൾക്കൊന്നിന് തുടക്കം കുറിച്ച ശേഷം ഈ യാത്രികർ ജൂൺ 30നു ഭൂമിയിലേക്കു തിരിച്ചു. വളരെ സുഗമമായി കസഖ്സ്ഥാനിലെ കാറാഗാൻഡയിൽ യാത്രികരെ വഹിച്ച പേടകം വന്നിറങ്ങി. വീരോചിതമായി അവരെ സ്വീകരിക്കാനെത്തി പേടകം തുറന്ന സോവിയറ്റ് അധികൃതർ പക്ഷേ ഞെട്ടി വിറങ്ങലിച്ചുപോയി. അതിനുള്ളിൽ മൂന്ന് മൃതശരീരങ്ങളായിരുന്നു അവർക്ക് കാണാൻ സാധിച്ചത്. 


അവരുടെ മുഖങ്ങൾ നീലനിറത്തിലായിരുന്നു.

സോയൂസ് 11 ഭൗമാന്തരീക്ഷത്തിലേക്കു തിരിച്ചിറങ്ങിയപ്പോൾ അതിന്റെ വായുബഹിർഗമന സംവിധാനത്തിനു തകരാർ പറ്റിയതാണു ദുരന്തത്തിലേക്കു നയിച്ചത്. യാത്രക്കാർ ആ സമയത്തു സ്പേസ് സ്യൂട്ട് ധരിച്ചിരുന്നില്ല. ധരിച്ചിരുന്നെങ്കിൽ ദുരന്തം സംഭവിക്കുമായിരുന്നില്ല. തങ്ങൾക്കു വലിയ യശ്ശസ്സു നൽകുമെന്നു സോവിയറ്റ് യൂണിയൻ പ്രതീക്ഷിച്ച, സോയൂസ് എന്ന വിജയദൗത്യം ആന്റി ക്ലൈമാക്സിൽ അവസാനിക്കുന്നതാണു പിന്നീട് കണ്ടത്. ഇതിനു മുൻപുള്ള സോയൂസ് 1 ദൗത്യവും മരണത്തിലായിരുന്നു കലാശിച്ചത്.


 1967 ഏപ്രിൽ 24നു ഭൂമിയിലേക്കു തിരിച്ചിറങ്ങിയ സോയൂസ് 1 പാരഷൂട്ടിലെ പ്രശ്നം കാരണം ഇടിച്ചിറങ്ങുകയും വ്ലാദിമർ കോമറോവ് എന്ന യാത്രികൻ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് പ്രധാനപ്പെട്ട ബഹിരാകാശ ഓപറേഷനുകളിലെല്ലാം സ്പേസ് സ്യൂട്ട് നിർബന്ധമാക്കാനും വിവിധ പ്രോട്ടോക്കോളുകൾ നടപ്പിൽ വരുത്താനും സംഭവം വഴിവച്ചു.

ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു കൊളംബിയ. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വംശജ കൽപന ചൗള ഉൾപ്പെട്ട ദൗത്യം. വിക്ഷേപണം മുതൽ ബഹിരാകാശത്ത് പ്രവേശിക്കുന്നതു വരെ സുഗമമായി പോയ ദൗത്യം എന്നാൽ കേപ്പ് കാനവറലിലെ തിരിച്ചിറക്കത്തിൽ പൊട്ടിച്ചിതറുകയും കൽപനയുൾപ്പെടെ ഉള്ളിലുണ്ടായിരുന്ന എല്ലാ യാത്രികരും കൊല്ലപ്പെടുകയും ചെയ്തു. പേടകത്തിൽ ഉപയോഗിച്ചിരുന്ന ഇൻസുലേഷൻ സംവിധാനത്തിലെ ഒരു ഭാഗം ദൗത്യത്തിന്റെ ഇന്ധനടാങ്കിലേക്കു തറഞ്ഞു കയറിയതാണു വലിയ ദുരന്തത്തിനു വഴിവച്ചത്. 


ചലഞ്ചറിലേതു പോലെ ഇതിലും നാസയുടെ കൃത്യവിലോപം ചർച്ചയായിരുന്നു.

മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള യുഎസ് ദൗത്യങ്ങളായ അപ്പോളയുടെ ആദ്യ ദൗത്യവും അപകടത്തിലും മരണത്തിലുമാണു കലാശിച്ചത്. ദൗത്യം വിക്ഷേപണത്തറയിൽനിന്നു പറന്നു പൊങ്ങുന്നതിനു മുൻപായിരുന്നു ഈ അപകടം. ഗസ് ഗ്രീസം, എഡ് വൈറ്റ്, റോജർ ബി.ഷാഫ് എന്നീ യാത്രികർ തൽക്ഷണം കൊല്ലപ്പെട്ടു. ചന്ദ്രദൗത്യം മൂന്നു വർഷം താമസിക്കാൻ ഈ ദാരുണ സംഭവം ഇടവരുത്തി. പലവിധ ബഹിരാകാശ അപകടങ്ങളിലായി ഇതുവരെ 19 യാത്രികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. ഇവരിൽ 15 പേർ യുഎസ് യാത്രികരും, 4 പേർ റഷ്യൻ യാത്രികരുമായിരുന്നു.

Monday, 2 August 2021

          



തേനീച്ചകളുടെ സംരക്ഷണം നമ്മൾ ഗൗരവമായി കാണേണ്ട ഒന്നാണ്. വിവിധ കാരണങ്ങളാൽ തേനീച്ചകളുടെ എണ്ണം കുറയുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഈ കാരണങ്ങളിൽ ചിലത് തടയാൻ കഴിയുമെങ്കിലും,  തേനീച്ച ജനസംഖ്യയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് നമ്മൾ മനുഷ്യരാണ്. അവയില്ലെങ്കിൽ, നമ്മുടെ ആഗോള ആവാസവ്യവസ്ഥ തന്നെ നശിക്കും, ഇത് നമ്മുടെ ഭക്ഷ്യ വിതരണത്തെയും,മറ്റ് ജീവികളെയും, പരിസ്ഥിതിയെയും വളരെയധികം ബാധിക്കും.


ഇന്ന് വളർന്നുവരുന്ന 100 ഭക്ഷണങ്ങളിൽ 70 എണ്ണവും പരാഗണങ്ങളുടെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നവയാണ്. തേനീച്ചകളുടെ കഠിനാധ്വാനമില്ലാതെ, ഞങ്ങളുടെ തീൻ മേശകളിൽ പതിവായി പ്രത്യക്ഷപ്പെടുന്ന പല ഭക്ഷണങ്ങളും ഇനി നിലനിൽക്കില്ല. ലോകമെമ്പാടുമുള്ള നമ്മുടെ കാർഷിക സംവിധാനങ്ങളിൽ തേനീച്ചകൾക്ക് വലിയ പങ്കുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും, അത് ശരിയാണ്, അവയെ സംരക്ഷിക്കാൻ നമുക്ക് കഴിയുന്നത് ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.


തേനീച്ചകളും നമ്മുടെ ആവാസവ്യവസ്ഥയും


നമ്മുടെ ആവാസവ്യവസ്ഥയിലും തേനീച്ചകൾക്ക് വലിയ പങ്കുണ്ട്. ഒരു ദിവസം നൂറുകണക്കിന് പൂക്കൾ സന്ദർശിക്കാൻ കഴിയുന്ന ഫോറഗർ ( Forager) തേനീച്ചകൾ പൂമ്പൊടി കൈമാറുകയും സസ്യജാലങ്ങളെ പുനരുൽപാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഈ സസ്യങ്ങളിൽ ചിലത് മനുഷ്യർക്ക് നേരിട്ട് ഭക്ഷ്യയോഗ്യമാണെങ്കിലും, തേനീച്ചകൾ പരാഗണം നടത്തുന്ന പല സസ്യങ്ങളും നമ്മുടെ കന്നുകാലികൾക്കും നാടൻ പക്ഷികൾക്കും മറ്റ് മൃഗങ്ങൾക്കും പ്രാണികൾക്കും ആഹാരമാണ്. തേനീച്ചകളില്ലാതെ, ഇത് നമ്മുടെ ഡിന്നർ പ്ലേറ്റുകളെ മാത്രമല്ല ബാധിക്കുന്നതെന്ന് പറയേണ്ടതില്ല. പല ഇനം സസ്യങ്ങൾക്കും, മൃഗങ്ങൾക്കും അതിജീവിക്കാൻ കഴിയില്ല.


എന്താണ് തേനീച്ചകളെ അപകടത്തിലാക്കുന്നത്?


തേനീച്ചകളുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. ഒരു ഘടകമാണ് Mites, പിന്നേ അവയിൽ നിന്ന് വരുന്ന രോഗങ്ങളും. ഇവയിൽ  വറോവ മൈറ്റ്കൾക്ക് (Varroa Mite) തേനീച്ചകളുടെ മുഴുവൻ കോളനികളെയും നശിപ്പിക്കാൻ സാധിക്കും.


തേനീച്ചക്കളുടെ ആവാസവ്യവസ്ഥയുടെ നഷ്ടതിന് മറ്റൊരു ഘടകമാണ്. പുതിയ കെട്ടിടങ്ങൾ, വീടുകൾ, പാർക്കുകൾ എന്നിവ നിർമ്മിക്കപ്പെടുന്നതിനാൽ, തേനീച്ചകളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളും ഭക്ഷണ സ്രോതസ്സുകളും ഇല്ലാതാകുകയോ പൂർണ്ണമായും മാറുകയോ ചെയ്യുന്നതിനാൽ അവയുടെ നിലനിൽപ്പിനെ സരമായി ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും തേനീച്ചകളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണെന്ന് തെളിഞ്ഞിട്ടുണ്ട്.


 തേനീച്ചകളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് കീടനാശിനികളാണ്. കീടനാശിനികൾ സാധാരണയായി കീടങ്ങളെ ഇല്ലാതാക്കാൻ ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഈ ദോഷകരമായ രാസവസ്തുക്കൾ ഭക്ഷണത്തിനായി ഈ വിളകൾ സന്ദർശിക്കുന്ന തേനീച്ചകളെ വളരെ പ്രതികൂലമായി ബാധിക്കും.


https://www.discovery.com/science/scientists-have-decoded-the-universal-language-of-honey-bees

ഹൈഡ്രജൻ ഇത്തിരിക്കുഞ്ഞനാണ്

 



ഹൈഡ്രജൻ ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും മാത്രമുള്ള ഇത്തിരിക്കുഞ്ഞനാണ്. ഭാരം വളരെ കുറവുള്ള വാതകം. ഹൈഡ്രജൻ നിറച്ച ബലൂണുകൾ കൈവിട്ടാൽ പിടിതരാതെ ആകാശത്തേക്ക് പോകുന്നത് കണ്ടിട്ടില്ലേ. എന്നാൽ ഈ ഹൈഡ്രജന്റെ പ്രായം എന്താണ്? നമ്മുടെ ശരീരത്തിൽ സംയുക്താവസ്ഥയിലുള്ള ഹൈഡ്രജന്റെ പ്രായവും എന്താണ്?


നിങ്ങൾ ഒരു ടെസ്റ്റ് ട്യൂബിൽ ഗാഢഹൈഡ്രോക്ലോറിക് ആസിഡിലേക്ക് കുറച്ച് സിങ്ക് ഇടുക. ഹൈഡ്രജൻ വാതകം ഉണ്ടാവുന്നത് കാണും. നിങ്ങൾക്കറിയാവുന്ന രാസപ്രവർത്തനം തന്നെ.


Zn + HCl → ZnCl2 + H2


1766 ലാണ് ഹെൻറി കാവൻഡിഷ് ആണ് ഈ മൂലകത്തെ തിരിച്ചറിഞ്ഞ് ജലം ഉണ്ടാക്കുന്നത് എന്നർഥം വരുന്ന ഹൈഡ്രജൻ എന്ന പേര് നല്കിയത്. ഹൈഡ്രജൻ പ്രപഞ്ചത്തിന്റെ പണിപ്പുരയിൽ പാചകം ചെയ്ത് തുടങ്ങിയത് എന്നാണ് എന്ന ചോദ്യം പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള താക്കോലാണ്. ഹൈഡ്രജൻ പ്രപഞ്ചത്തിലാകമാനം വ്യാപിച്ചുകിടക്കുന്ന മൂലകമാണ്.


മൂലകങ്ങളെല്ലാം നിർമ്മിക്കപ്പെടുന്നത് 13.7 ബില്യൺ വർഷങ്ങൾക്ക് മുമ്പുണ്ടായ ബിഗ് ബാങിനെ തുടർന്നാണ്. അതിസാന്ദ്രമായ ദ്രവ്യം ഉന്നതമായ താപനിലയിൽ പൊട്ടിത്തെറിച്ച് പുതിയ അതിരുകളെ സൃഷ്ടിച്ചുകൊണ്ട് വ്യാപിച്ചു. അടിസ്ഥാന കണങ്ങൾ കൂടിച്ചേരാനാവുന്നതിനേക്കാൾ ഉയർന്ന താപനില ആയിരുന്നു അപ്പോഴത്തേത്. മഹാ വിസ്ഫോടനത്തിനു ശേഷമുള്ള പ്രപഞ്ചം തണുത്തു തുടങ്ങി 380,000 വർഷങ്ങൾക്കു ശേഷമാണ് പ്രോട്ടോണുകളുടെ ആകർഷണവലയത്തിലേക്ക് ഇലക്ട്രോണുകൾ എത്തുന്നത്. ആദ്യത്തെ മൂലകത്തിന് പിറവി അങ്ങനെയാണ് ഉണ്ടായത്.


പ്രകൃതിയിലുള്ള  92 മൂലകങ്ങൾ ഉണ്ടായത് ഇതിനെ തുടർന്നാണ്. നക്ഷത്ര ഹൃദയങ്ങളിലാണ് ഇവയൊക്കെ പാചകം ചെയ്യപ്പെട്ടത്. ഹൈഡ്രജന്റെ ഭീമൻ വാതക മേഘങ്ങൾ ഗുരുത്വാകർഷണ ബലത്താൽ കൂടിച്ചേർന്ന് വാതകകേന്ദ്രങ്ങളിൽ ന്യൂക്ലിയർ ഫ്യൂഷൻ ആരംഭിക്കുകയും അതുവഴി നക്ഷത്രങ്ങൾ പിറക്കുകയും ചെയ്തു. ഉന്നത താപത്തിൽ ഹൈഡ്രജൻ കൂടിച്ചേർന്ന് ഹീലിയവും തുടർന്ന് ഹീലിയം നൂക്ലിയസുകൾ കൂടിച്ചേർന്ന് മറ്റ് മൂലകങ്ങളുടെ പിറവിയും ഉണ്ടായി. അയേൺ വരെയുള്ള മൂലകങ്ങളാണ് താപം കൂടുന്നതിനനുസരിച്ച് ഫ്യൂഷൻ വഴി ഉണ്ടായി വന്നത്. നക്ഷത്രങ്ങൾ അപ്പോഴേക്കും അവയുടെ പരിണാമ വഴിയിലേക്ക് കടന്നു. അതിഭീമമായ താപം പുറത്തുവിടുന്ന സൂപ്പർനോവകളായി പൊട്ടിത്തെറിച്ചു. ഈ വേളയിൽ യുറേനിയം വരെയുള്ള മറ്റു മൂലകങ്ങൾ ഉണ്ടായി.


ഇപ്പോൾ ഭൂമിയിലുള്ള യുറേനിയം വരെയുള്ള മൂലകങ്ങൾ നക്ഷത്രജന്യങ്ങളാണ്. ലോക പ്രശസ്ത ശാസ്ത്രജ്ഞനായ കാൾ സാഗൻ അതുകൊണ്ടുതന്നെ നാമൊക്കെ നക്ഷത്രത്തരികൾ ആണെന്ന് പറയുകയുണ്ടായി. നമ്മുടെ ഡിഎൻഎ യിലുള്ള നൈട്രജനും, പല്ലുകളിലുള്ള കാൽസ്യവും, രക്തത്തിലെ ഇരുമ്പും കോടാനുകോടി വർഷങ്ങൾക്കു മുമ്പ് ഏതോ നക്ഷത്ര ഹൃദയം പാചകം ചെയ്തത്രേ!

അവിടെയൊരു പുരാതനമായ കാടുണ്ടായിരുന്നു!


 💙 


അന്റാര്‍ട്ടിക്കയെപ്പറ്റി ചിന്തിക്കുമ്പോൾ മനസ്സിലേക്ക് വരുക എങ്ങും മഞ്ഞ് പുതച്ചുകിടക്കുന്ന, കറുപ്പും വെളുപ്പും ഇടകലര്‍ന്ന വിചിത്രരായ പെൻഗ്വിനുകൾ തത്തി നടക്കുന്ന, മനുഷ്യർക്കും സാധാരണ മൃഗങ്ങൾക്കും പാർക്കാനാവാത്ത കൊടും ശൈത്യമേറിയ വെളുത്ത വൻകരയാണ്. എന്നാൽ ഒരുകാലത്ത് എവിടെയും പച്ച വിരിച്ച, ചതുപ്പുനിലങ്ങളും നീലത്തടാകങ്ങളും കൊണ്ട് സമ്പുഷ്ടമായ അന്റാര്‍ട്ടിക്കയെപ്പറ്റി സങ്കല്പിക്കാനാവുന്നുണ്ടോ? എന്നാൽ കേട്ടോളൂ, ജുറാസിക് യുഗത്തിന് ശേഷം ഡിനോസറുകൾ ഭൂമി അടക്കി വാണിരുന്ന അവസാന കാലഘട്ടമായ ക്രറ്റേഷ്യസ് കാലഘട്ടത്തിലെ അന്റാര്‍ട്ടിക്ക അങ്ങനെയായിരുന്നു... മഞ്ഞില്ലാത്ത, മഴക്കാടുകൾ നിറഞ്ഞ ഭൂമിക!


പശ്ചിമ അന്റാര്‍ട്ടിക്കയിൽ, ധ്രുവത്തിനും 2000 km മാറി, കടലിന്റെ അടിത്തട്ടില്‍ ഏതാണ്ട് 30 മീറ്ററോളം താഴ്ചയിൽ ചെറിയ ദ്വാരമിട്ട് ഡ്രില്ലിങ് നടത്തിയപ്പോഴാണ് ഗവേഷകര്‍ക്ക് ഇത് വ്യക്തമായത്. (അക്കാലത്ത് അന്നത്തെ ദക്ഷിണധ്രുവവും മേല്പറഞ്ഞ സ്ഥലവും തമ്മില്‍ 900 km ദൂരമേ ഉണ്ടായിരുന്നുള്ളൂ.) 2017ൽ കപ്പൽക്കോപ്പുകൾ ഉപയോഗിച്ച് കുഴൽക്കിണറിന്റേത് സമാനമായി കടലിനടിയിൽ ഒരു കുഴിയെടുത്ത് അവർ സാമ്പിള്‍ ശേഖരിച്ചു. ആദ്യം ലഭിച്ചത് 25000 വർഷത്തോളം പഴക്കമുള്ള ഉറഞ്ഞുകട്ടിയായ മഞ്ഞുതരികളുടെ അവശിഷ്ടങ്ങളായിരുന്നു. പിന്നീടുള്ള 25 മീറ്റര്‍ കുഴിച്ചപ്പോൾ കിട്ടിയത് 4.5 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ട മണൽക്കൽ തരികളും. തുടര്‍ന്ന് കടലിലൂടെ ഐസ് പാളികൾ കുത്തിയൊലിച്ച് വരുന്നതിനാൽ ഖനനം ദുർഘടമായി. അതുകൊണ്ട് ഒരു 3 മീറ്റര്‍ കൂടി കുഴിച്ചിട്ട് അവർ മടങ്ങാൻ തീരുമാനിച്ചു.


എന്നാൽ ആ 3 മീറ്ററിൽ ലഭിച്ചത് തീരെ പ്രതീക്ഷിക്കാത്ത ഒരു മണ്ണിനത്തിന്റെ സാമ്പിളായിരുന്നു. കൽക്കരിയും ചെളിയും കൂടികലർന്ന ആ മണ്ണ് ചരിത്രാതീതകാലത്തെ ഏതോ കൊടുംകാടിന്റെ അവശേഷിപ്പായിരുന്നു. കൽക്കരിയായി രൂപാന്തരപ്പെട്ട ആ കാനനാവശിഷ്ടങ്ങളിൽ പ്രാചീനകാലത്തെ വേരുകളും സസ്യബീജങ്ങളും പൂമ്പൊടിയുമൊക്കെ ഉൾപ്പെട്ടിരുന്നു.


ഏതാണ്ട് 65 തരം സസ്യങ്ങളുടെ ഫോസിലുകള്‍ ആ മണ്ണിനത്തിൽ നിന്നും അവർ വേർതിരിച്ചറിഞ്ഞു. ഇന്നത്തെ ന്യൂസിലാന്റിൽ കാണപ്പെടുന്ന മഴക്കാടുകൾക്ക് സമാനമായി കോണിഫർ മരക്കൂട്ടങ്ങളുടെയും വിവിധ തരം പന്നച്ചെടിയുടെയും അവശിഷ്ടങ്ങളായിരുന്നു പ്രധാനമായും അതിൽ.  ദക്ഷിണധ്രുവത്തിന് സമീപം, 9 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്, അതായത് ക്രറ്റേഷ്യസ് യുഗത്തിന്റെ മധ്യകാലഘട്ടത്ത്, ആ ഭൂപ്രദേശമാകെ ഇടതൂർന്ന വനങ്ങളായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളായിരുന്നു ആ ജർമൻ പര്യവേഷകർക്ക് ലഭിച്ചത്.


വർഷത്തിൽ നാല് മാസത്തേക്ക് ഒട്ടും തന്നെ സൂര്യപ്രകാശം ലഭിക്കാത്ത ദക്ഷിണധ്രുവത്തിൽ ഇങ്ങനെയൊരു മഴക്കാട് വളരണമെങ്കിൽ അവിടെ അത്രയും പ്രസന്നമായ, ഉഷ്ണമേഖലയായിരിക്കണം. അന്നത്തെ അന്റാര്‍ട്ടിക്കയുടെ ശരാശരി താപനില ഏതാണ്ട് 12-13°c വരേണ്ടിയിരുന്നു, അതായത് ഇന്നത്തെ പല വാസയോഗ്യമായ രാജ്യങ്ങളെക്കാളും ചൂട് കൂടുതൽ. കൂടാതെ ഇംഗ്ലണ്ടിലെ വെയിസിൽ ലഭിക്കുന്ന അതേ അളവിലുള്ള മഴയും അവിടെ ലഭിച്ചിരുന്നു. ക്രയോബാക്ടീരിയ പോലെയുള്ള സൂക്ഷ്മാണുക്കൾ അവശേഷിപ്പിച്ച രാസവസ്തുക്കളിൽ നിന്നും അവിടുത്തെ തടാകങ്ങളുടെയും ചതുപ്പുനിലങ്ങളുടെയും താപനില 20°c ആയിരുന്നെന്നും പരിശോധനയിൽ തെളിഞ്ഞു.


ക്രറ്റേഷ്യസ് കാലഘട്ടം ഭൂമിയിലെ തന്നെ ഏറ്റവും ചൂടേറിയ കാലഘട്ടങ്ങളില്‍ ഒന്നായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നിരുന്നാൽ പോലും കാർബൺ ഡൈ ഓക്സൈഡ് 1000 ppm നിഗമിക്കപ്പെട്ടിരുന്നത് ഈ കണ്ടെത്തലോടെ 1120 – 1680 ppm ആയി പുനർനിർണ്ണയിക്കപ്പെട്ടു.


എന്തായാലും ക്രറ്റേഷ്യസ് ഭൂതകാലത്തിലെ, ഈ മഴക്കാടിന്റെ വെളിപ്പെടൽ നമ്മുടെ ഭാവിയിലേക്കുള്ള വെളിപാട് കൂടിയാണ്. നിലവിലെ സ്ഥിതി അനുസരിച്ച് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലം അടുത്ത നൂറ്റാണ്ടിന്റെ തുടക്കത്തോടെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 9 കോടി വര്‍ഷം മുമ്പത്തെ അതേ അളവിലേക്ക് പോയാൽ ധ്രുവപ്രദേശങ്ങളിലെ ഐസ് പാളികൾ ഉരുകി അപ്രത്യക്ഷമാവുകയും അവിടെ മഴക്കാടുകൾ വീണ്ടും വളരുകയും ചെയ്യും. (ഒപ്പം അതിന് ആനുപാതികമായി മറ്റുള്ള പ്രദേശങ്ങളിലെയും ചൂട് വർദ്ധിക്കും!) അത് നല്ലതിനോ ദോഷത്തിനോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

Sunday, 1 August 2021

ഇരുട്ടിൽ തിളങ്ങുന്ന നേന്ത്രപ്പഴം




നേന്ത്രപ്പഴം അൾട്രാ വയലറ്റ് വെളിച്ചത്തിൽ കണ്ടിട്ടുണ്ടോ? അൾട്രാ വയലറ്റ് വെളിച്ചത്തിൽ നല്ല പഴുത്ത നേന്ത്രപ്പഴത്തിൽ തിളങ്ങുന്ന നീല നിറത്തിലുള്ള ചില അടയാളങ്ങൾ കാണാം. പഴം പഴുക്കുമ്പോൾ അതിലെ ക്ളോറോഫിൽ വിഘടിച്ച് ഉണ്ടാകുന്ന ഒരു വസ്തുവാണ് ആ തിളക്കത്തിനു കാരണം. മറ്റൊരു ചെടിയിലും, പഴത്തിലും ഈ പ്രതിഭാസം കണ്ടിട്ടില്ല.

എന്തായിരിക്കും ഈ പ്രതിഭാസത്തിന്റെ പരിണാമപരമായ കാരണം? രണ്ടുമൂന്നു സാധ്യതകൾ ഉണ്ട്. ഒന്ന്, പ്രത്യേകിച്ച് കാരണമൊന്നുമില്ല. ക്ളോറോഫിൽ വിഘടിച്ചുണ്ടാകുന്ന ആ വസ്തു അൾട്രാ വയലറ്റ് വെളിച്ചത്തിൽ തിളങ്ങുന്നത് വെറും യാദർശ്ചികമാകാം. അതിന് പരിണാമപരമായ എന്തെങ്കിലും ഉദ്ദേശം ഉണ്ടാകണമെന്നില്ല. രണ്ടാമത്തേത്, മനുഷ്യർക്ക് അൾട്രാ വയലറ്റ് കാണാൻ പറ്റില്ലെങ്കിലും, പഴം ആഹാരമാക്കുന്ന പല ജന്തുക്കൾക്കും അൾട്രാ വയലറ്റ് കാണാനാകും. അവക്ക് രാത്രിയിൽ തിളങ്ങുന്ന പഴങ്ങൾ ദൂരെനിന്നേ കാണാനാകും. പകലാണെങ്കിലും സൂര്യപ്രകാശത്തിലുള്ള അൾട്രാ വയലറ്റ് രശ്മികൾ പഴത്തിന്റെ മഞ്ഞനിറത്തിനെയും കൂടുതൽ തിളക്കമുള്ളതാക്കുന്നുണ്ടാക്കാം. മൂന്നാമത്തേത് കുറേകൂടി രസകരമാണ്. അത് പഴത്തിന്റെ സൺ സ്‌ക്രീനാണ്. സൂര്യപ്രകാശത്തിലുള്ള അൾട്രാ വയലറ്റ് രശ്മികൾ വലിച്ചെടുത്ത് പഴത്തിനെ വെയിലിൽനിന്ന് സംരക്ഷിക്കുന്നുണ്ടാകാം. കൂടുതൽ ദിവസം കേടുകൂടാതെ നില്ക്കാൻ സഹായിക്കുന്നുണ്ടാകാം.

മടി മാറിയാൽ അൾട്രാവയലറ്റ് ലോകത്തെക്കുറിച്ച് എന്നൊരു വീഡിയോ ചെയ്യണമെന്ന് പ്ലാനുണ്ട്. എല്ലാവരും ചുമ്മാ യൂറ്റിയൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തേക്ക്.

ദിനോസറുകൾക്കും മുൻപ്

ഭൂമിയിൽ ഇന്നേ വരെ ജീവിച്ചതിൽ വെച്ചേറ്റവും വലിയ ജീവിവിഭാഗങ്ങളിൽ ഒന്നാണ് മുകളിൽ പറഞ്ഞ ദിനോസർകൂട്ടം.𝟏𝟓𝟎 മില്യൺ വർഷങ്ങൾക്ക് മുൻപ് അവർ ഇവിടം അ...